കത്തോലിക്ക കോൺഗ്രസ് അധ്യാപകരെ ആദരിക്കും
1450565
Wednesday, September 4, 2024 7:39 AM IST
പയ്യാവൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നാളെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അധ്യാപകരെ ആദരിക്കും. പരിപാടിയുടെ അതിരൂപതാതല ഉദ്ഘാടനം രാവിലെ 11.30 ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് നിർവഹിക്കും. വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിക്കും. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യഭാഷണം നടത്തും.
സ്കൂൾ വിദ്യാർഥികളും കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ ബിജു സി.ഏബ്രഹാമിനെയും സഹഅധ്യാപകരെയും ആദരിക്കും. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, മേഖലാ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ, ജോസഫ് മാത്യു കൈതമറ്റം എന്നിവർ പ്രസംഗിക്കും.