എഡിജിപിക്കെതിരേ അൻവർ ഉന്നയിച്ച ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്
1450562
Wednesday, September 4, 2024 7:39 AM IST
കണ്ണൂര്‍: സിപിഎം എംഎൽഎ പി.വി. അൻവർ എഡിജിപിക്കെതിരെ നടത്തിയ പരസ്യ വെളിപ്പെടുത്തൽ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കണ്ണൂർ മാരാർജി ഭവനിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി.അന്‍വര്‍ എംഎല്‍എ പൊട്ടിച്ച ബോംബിനെക്കാള്‍ പതിന്മടങ്ങ് പ്രഹര ശേഷിയുള്ള ബോംബ് എഡിജിപി എം.ആര്. അജിത് കുമാറിന്റെ കൈയിലുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാത്തത്. സ്വന്തം കസേര ഉറപ്പിക്കാനാണ് മുഖ്യമന്ത്രി കുറ്റാരോപിനായ എഡിജിപിയെ സംരക്ഷിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പുറത്തുള്ള അധോലോകത്തിനെക്കാള് വലിയെ അധോലോകമാണ് പോലീസിനകത്ത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മാഫിയ താവളമായി മാറി. പി.വി.അന്‍വര്‍ എംഎല്‍എ പറഞ്ഞത് ശരിയാണോ തെറ്റാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ പ്രതിപക്ഷ നേതാവ് ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ ടി.സി. മനോജ്, രാജന് പുതുക്കുടി എന്നിവരും പങ്കെടുത്തു.