ആറളത്തെ ആനമതിൽ മാർച്ചിൽ പൂർത്തിയാക്കണം: മന്ത്രി കേളു
1450561
Wednesday, September 4, 2024 7:39 AM IST
കണ്ണൂർ: ആറളത്തെ ആനമതിൽ നിർമാണം മാർച്ചോടെ പൂർത്തിയാക്കണമെന്ന് പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു നിർദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പ്തല ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ, വന്യജീവി സംഘർഷം ഏറെ ഗുരുതരമായ പ്രശ്നമാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് ആനമതിൽ പദ്ധതി നടപ്പിലാക്കുന്നത്. അത് എത്രയും വേഗം പൂർത്തിയാക്കണം. ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റാനും മറ്റും ആവശ്യമായ നടപടികൾ വനം, പൊതുമരാമത്ത് വകുപ്പുകളും ടിആർഡിഎമ്മും ആറളം ഫാം മാനേജ്മെന്റും കൂട്ടായി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആറളം ഫാമിൽ ഹാഗിംഗ് ഫെൻസിംഗ് പദ്ധതിയുടെ സാധ്യത പരിശോധിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. ഫാമിനെ ലാഭകരമാക്കാൻ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും പുതിയ വിളകൾ പരീക്ഷിക്കും. എല്ലാ നഗറുകളിലും കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. ഏത് സങ്കേതത്തിലാണ്, നഗറിലാണ് റോഡ് സൗകര്യം, വൈദ്യുതി ഇല്ലാത്തത് എന്ന് കണ്ടുപിടിച്ച് അതിനുള്ള നടപടികൾ സ്വീകരിക്കണം.
ഇക്കാര്യത്തിൽ അതീവ പ്രാധാന്യത്തോടെയുള്ള ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിൽ എല്ലാ മാസവും പദ്ധതികളുടെ പുരോഗതി അവലോകനം നടത്തണം. ഇതിനായി നിർവഹണ ഉദ്യോഗസ്ഥരെക്കൂടി ഈ യോഗങ്ങളിലേക്ക് വിളിക്കണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.വി. സുമേഷ്, സണ്ണി ജോസഫ്, കെ.പി. മോഹനൻ, എം.വിജിൻ, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, അസി. കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, എസ്സി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ്. ശ്രീരേഖ, എസ്ടി വകുപ്പ് ജോയിൻറ് ഡയറക്ടർ സിന്ധു പരമേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.