പരിയാരത്ത് സൊസൈറ്റിയുടെ മറവിൽ സിപിഎമ്മിന്റെ വ്യാപക കൈയേറ്റം: യുഡിഎഫ്
1450558
Wednesday, September 4, 2024 7:39 AM IST
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിനകത്ത് സൊസൈറ്റിയുടെ മറവിൽ സിപിഎം നടത്തുന്ന കൈയേറ്റത്തിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.1960 ൽ കേരള ഗാന്ധി കെ കേളപ്പൻ നിർമിച്ച് തുറന്നുകൊടുത്ത ചാച്ചാജി വാർഡ് എന്ന ചരിത്ര പ്രധാന കെട്ടിടം സഹകരണ ബാങ്കായി മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന്റെ മറവിൽ ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തന ങ്ങളും കെട്ടിടം പൊളിച്ചു മാറ്റലും നിയമവിരുദ്ധമാണ്. പഴയകെട്ടിടത്തിലെ വിലപിടിപ്പുള്ള മര ഉരുപ്പടി കളൊക്കെ പുറത്തേക്ക് കടത്തുകയാണ്. ഇതിനെതിരേ പരിയാരം പോലീസിൽ പരാതി നൽകിയിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിനെ യോഗം അപലപിച്ചു.
മുൻഭരണസമിതി കാന്റീൻ നടത്താൻ അംഗീകാരം നൽകിയതിന്റെ മറവിലാണ് കാമ്പസിനകത്ത് പല സ്ഥലങ്ങളും കെട്ടിടങ്ങളും സിപിഎം സൊസൈറ്റി കയ്യടക്കി വച്ചിട്ടുള്ളത്. ഇവ ഒഴിപ്പിക്കാനും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് നിർത്തിവയ്പ്പിക്കാനും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അതിനെ തിരെ യുഡിഎഫ് നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. കയ്യേറ്റം നടന്ന സ്ഥലം യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിക്കുന്നതിനും തീരുമാനിച്ചു. ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ 10 നകം നിയോജക മണ്ഡലം കമ്മിറ്റികളും 15 മുതൽ 25 വരെയായി പഞ്ചായത്ത് - മുൻസിപ്പൽ മേഖലാ കൺവൻഷനുകളും വിളിച്ചുചേർക്കാൻ യോഗം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന കേരള സർക്കാരിന്റെ നയങ്ങൾക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. കണ്ണൂരിലെ റെയിൽവേ ഭൂമി പാട്ടത്തിന് നൽകിയ നടപടി ക്രമവിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് പഠിച്ച് യുക്തമായ സമരപരിപാടികൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു. സണ്ണി ജോസഫ് എംഎൽഎ , ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ കെ.എ. ലത്തീഫ്, അൻസാരി തില്ലങ്കേരി, സി.കെ. മുഹമ്മദ്, സജീവ് മാറോളി എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.