ചാല കട്ടിംഗ് റെയിൽവേ മേൽപ്പാലം പ്രവൃത്തി
1450557
Wednesday, September 4, 2024 7:39 AM IST
കണ്ണൂർ: റെയിൽവേ മേൽപ്പാലങ്ങൾക്ക് സർക്കാർ നല്കുന്നത് പ്രത്യേക പരിഗണനയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂർ മണ്ഡലത്തിലെ ചാലയേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവേ മേൽപ്പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റെയിൽവേ മേൽപ്പാലം നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച റോഡ്സ് ബ്രിഡ്ജ സ് കോർപറേഷൻ 73 റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാനുള്ള പദ്ധതിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ആറെണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. എട്ടെണ്ണത്തിന്റെ പ്രവൃത്തി തുടരുന്നു. നാല് റെയിൽവേ മേൽപ്പാലം ടെൻഡർ ഘട്ടത്തിലാണ്. ആറെ ണ്ണത്തിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. മറ്റുള്ളവ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.
ചാല കട്ടിംഗ് റെയിൽവേ മേൽപ്പാലം വരുന്നതിലൂടെ നാടിന്റെ ദീർഘകാലത്തെ കാത്തിരിപ്പാണ് യാഥാർഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ 7.02 കോടിയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഫണ്ടിൽ നിന്നുള്ള 1.05 കോടിയും ഉൾപ്പെടെ 8.07 കോടി രൂപയാണിവിടെ ചെലവഴിക്കുന്നത്. റെയിൽവേ മേൽപ്പാലത്തിന് 30 മീറ്റർ നീളവും ആറ് മീറ്റർ കാര്യേജ് വേയും ഒരു ഭാഗത്ത് ഒരു മീറ്റർ നടപ്പാതയും ഉൾപ്പെടെ ആകെ ഏഴ് മീറ്റർ വീതിയും ഉണ്ട്. എട്ട് മീറ്ററോളം ഉയരത്തിലാണിത് നിർമിക്കുക. തോട്ടട ഗവ. പോളിടെക്നിക് കോളജിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.
ഉദ്ഘാടനം ചെയ്തു