പുതിയ നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് മന്ത്രിതല ചർച്ചയ്ക്ക് തീരുമാനം
1450555
Wednesday, September 4, 2024 7:39 AM IST
ഇരിട്ടി: വയനാട് -കരിന്തളം 400 കെവി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കെഎസ്ഇബി യുടെ പുതുക്കിയ കർണാടക മോഡൽ പാക്കേജിന് പുറമെ, സർക്കാർ തലത്തിൽ പുതിയ പാക്കേജിനെക്കുറിച്ച് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരും കെഎസ്ഇബി എംഡിയും തിരുവനന്തപുരത്ത് ചർച്ച നടത്തും.
ഇന്നലെ കളക്ടറുടെ അധ്യക്ഷതയിൽ എംഎൽഎമാരും കെഎസ്ഇബി ഡയറക്ടർമാരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വയനാട് -കരിന്തളം 400 കെവി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ടവർ സ്ഥാപിക്കുന്നിടത്ത് സെന്റിന് ഒരുലക്ഷവും ലൈൻ കടന്നുപോകുന്നിടത്ത് അരലക്ഷവും യോഗത്തിൽ കർമസമിതി ആവശ്യപ്പെട്ടു. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ന്യായവില വളരെ തുച്ഛമാണെന്നും പദ്ധതി നടപ്പിലാക്കുമ്പോൾ കർഷകർക്ക് സംഭവിക്കുന്ന ഭീമമായ നഷ്ടം എംഎൽഎമാരും മറ്റ് പ്രതിനിധികളും യോഗത്തിൽ അവതരിപ്പിച്ചു.
പുതിയ കണക്കെടുപ്പ്
പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രസിഡന്റും കെഎസ്ഇബി ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥരും കർമസ മിതി ഭാരവാഹികളും അടങ്ങുന്ന സംഘം സ്ഥലം നഷ്ടമാകുന്ന വ്യക്തികളുടെ നഷ്ടം കണക്കാക്കാനും യോഗം നിർദേശിച്ചു. പുതിയ കണക്കെടുപ്പിലൂടെ കർഷകന് സംഭവിക്കുന്ന യഥാർഥ നഷ്ടത്തിന്റെ കണക്ക് തിരുവനന്തപുരത്ത് നടക്കുന്ന അടുത്ത ചർച്ചയിൽ അവതരിപ്പിക്കാനും നിർദേശിച്ചു.
ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥർ സർവേ നടപടികൾക്കായി കൃഷിഭൂമിയിൽ പ്രവേശിക്കുന്നത് കൃത്യമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അനുവദിക്കുകയുള്ളുവെന്നും ഉദ്യോഗ സ്ഥരുടെ ആവശ്യം തള്ളിക്കൊണ്ട് എംഎൽഎ മാർ യോഗത്തെ അറിയിച്ചു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സണ്ണി ജോസഫ് , സജീവ് ജോസഫ് , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ (അയ്യൻകുന്ന്), പി.സി.ഷാജി (ഉളിക്കൽ), കെ.പി.രാജേഷ് (ആറളം), പി.രജനി (പായം), ജോജി കന്നിക്കാട്ട് (ആലക്കോട്), ബേബി ഓടംമ്പള്ളിൽ (നടുവിൽ), മിനി ഷൈബി (എരുവേശി), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), സി.ടി. അനീഷ് (കേളകം), തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി മുനിസിപ്പൽ ചെയർമാൻ, എഡിഎം, ഡിഎഫ്ഒ, കെഎസ്ഇബി ഡയറക്ടർമാരായ സജി പൗലോസ്, ആർ.ബിജു, ചീഫ് എൻജിനിയർ കെ. ശാന്തി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ ഡോ. ഫിലിപ്പ് കവിയിൽ, മണിക്കടവ് ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ, കർമ സമിതി ചെയർമാൻ തോമസ് വർഗീസ്, കൺവീനർ ബെന്നി പുതിയാംപുറം, പൈലി വാത്യാട്ട്, മറ്റ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.