സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ലിങ്കേജ് വായ്പ ഒരുക്കി മാസ്
1450553
Wednesday, September 4, 2024 7:39 AM IST
പയ്യാവൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് ക്രഡിറ്റ് ലിങ്കേജ് വായ്പാ പദ്ധതിയുടെ ഭാഗമായി പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ മടമ്പം മേഖലയിലെ സ്വാശ്രയസംഘാംഗങ്ങളില്‍ വായ്പ ആവശ്യമുള്ള ഗ്രൂപ്പുകളുടെ ലീഡേഴ്സിന്റെ യോഗം നടത്തി.
കുറഞ്ഞ പലിശ നിരക്കിലും എളുപ്പത്തിലും സ്വാശ്രയസംഘാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിവിധ തരത്തിലുള്ള വായ്പ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളി അസി. വികാരി ഫാ. ലിന്റോ തണ്ടയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് സീനിയര്‍ മാനേജര്‍ അരവിന്ദാക്ഷന് പദ്ധതി വിശദീകരിച്ചു.
മാസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഏബ്രഹാം ഉള്ളാടപ്പിള്ളിൽ പ്രസംഗിച്ചു. യോഗത്തിൽ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മടമ്പം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 16 വനിതാസ്വശ്രയ സംഘാംഗങ്ങളിലെ 111 വനിതകള്‍ക്ക് 1.10 കോടി രൂപയുടെ ലിങ്കേജ് വായ്പ ലഭ്യമാക്കുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി. ധനലക്ഷമി ബാങ്ക് മട്ടന്നൂര്‍ ശാഖാ മാനേജര്‍ മഞ്ജു, മാസ് കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി എന്നിവര്‍ നേതൃത്വം നല്കി. പ്രോഗ്രാമില്‍ 16 ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 32 ലീഡേഴ്സ് പങ്കെടുത്തു.