ചെളിക്കുളമായി കൊടിലേരി പാലം അപ്രോച്ച് റോഡ്
1450550
Wednesday, September 4, 2024 7:39 AM IST
തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലത്തിന്റെ പണി പൂർത്തിയായെങ്കിലും ഇരു ഭാഗത്തേയും അപ്രോച്ച് റോഡ് പണി പൂർത്തിയാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചെളിക്കുളമായ റോഡിൽ കൂടി കാൽനടയാത്ര പോലും യാത്ര ദുസഹമായ അവസ്ഥയിലാണ്. ആലക്കോട്, പരിയാരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് എളുപ്പത്തിൽ കണ്ണൂർ വിമാനത്താവളം, പറശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ കാണിച്ചാമൽ കൊടിലേരി -കാഞ്ഞിരങ്ങാട് നടുവയൽ റോഡിലാണ് കൊടിലേരി പാലം നിർമിച്ചിരിക്കുന്നത്.
നഷ്ടപരിഹാരത്തെ കുറിച്ചുള്ള തർക്കങ്ങൾ കാരണമാണ് അപ്രോച്ച് റോഡുനിർമാണ പ്രവൃത്തി നിർത്തിവയ്ക്കാൻ കാരണമായി പരസരവാസികൾ പറയുന്നത്.
കിഫ്ബിയിൽ നിന്ന് ലഭ്യമാക്കിയ നാലു കോടി രൂപ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. മൂന്ന് കോടി രൂപ പാലം, അപ്രോച്ച് റോഡ് നിർമാണത്തിനും ഒരു കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് വകയിരുത്തിയത്. 36 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും 358 മീറ്റർ അപ്രോച്ച് റോഡ് കൂടി അടങ്ങിയതാണ് പദ്ധതി.
മുഴുവൻ ആളുകളെയും മുഖവിലക്കെടുത്തുകൊണ്ടും പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുമാണ് വികസന പ്രവർത്തങ്ങൾ സർക്കാർ നടപ്പിലാക്കുന്നതെന്നും സ്ഥലം വിട്ടു നൽകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയും പാലവും റോഡും യാഥാർത്ഥ്യമാക്കുന്നുവെന്നും അന്നത്തെ പാലം നിർമാണ അവലോകന യോഗത്തിൽ സ്ഥലം എംഎൽഎ എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. സ്ഥലം നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും, അടുത്ത മാസത്തോടെ തന്നെ അക്കാര്യത്തിൽ പരാതികളില്ലാത്ത വിധം പരിഹാരം കാണുമെന്നും എംഎൽഎ ഓഫീസിൽ നിന്നും അറിയിച്ചു.