ചെന്പേരിയിലെ പോറ്റമ്മമാർ
1444131
Monday, August 12, 2024 1:03 AM IST
""1974 ചെന്പേരി മഠത്തിൽ എത്തുമ്പോൾ എന്റെ കൈയിലേക്ക് അമ്മ മരിച്ച മൂന്നു വയസുമാത്രം പ്രായമുള്ള രണ്ടു ഇരട്ടക്കുട്ടികളെ മദർ സുപ്പീരിയർ വച്ചുതന്നു. ഇനി നീ വേണം ഇവരെയൊക്കെ നോക്കാൻ..''. 25 കുട്ടികൾ ഉണ്ടായിരുന്നു ബാലഭവനിൽ അന്ന്..എല്ലാവരെയും എന്റെ സ്വന്തം മക്കളെ പോലെ വളർത്തി.. പ്രായം തളർത്താത്ത ഓർമകളിൽ സിസ്റ്റർ മാർഗരറ്റ് മേരിക്ക് ഇന്നും ആ കുഞ്ഞുങ്ങളുടെ മുഖം തെളിഞ്ഞുകാണുന്നുണ്ട്. ഒത്തിരി ഇഷ്ടമായിരുന്നു അവർക്ക് ഞങ്ങളെ... അതിദരിദ്ര കുടുംബങ്ങളിൽ പെട്ടവരായിരുന്നു എല്ലാവരും.
മഠത്തിൽനിന്നും ചെന്പേരി പള്ളിയിൽനിന്നും സുമനസുകളിൽ നിന്നുമൊക്കെ ലഭിക്കുന്ന സഹായം കൊണ്ടാണ് അവർക്ക് ഉണ്ണാനും ഉടുക്കാനും കൊടുത്തിരുന്നത്. അന്ന് തലശേരി രൂപതയിൽനിന്നു മാസം തോറും ഗോതന്പും എണ്ണയും മറ്റു പൊടികളും ലഭിച്ചിരുന്നു. കുട്ടികൾക്ക് എല്ലാ നേരവും വയറു നിറച്ച് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. അടുത്ത വീടുകളിലെ ആഘോഷങ്ങൾ നടക്കുന്പോഴോ മറ്റ് പരിപാടികളിൽനിന്നോ ഭക്ഷണവും മറ്റും ലഭിച്ചിരുന്നു. ഏറെ കഷ്ടപ്പെട്ട് കുട്ടികളെയെല്ലാം പഠിപ്പിച്ച് വലിയവരാക്കി. ചിലർ സന്യാസജീവിതം തെരഞ്ഞെടുത്തു. കുറെപേർ നഴ്സിംഗും ഡിഗ്രിയുമൊക്കെ പഠിച്ച് ജോലി തേടി.
മറ്റു ചിലരെ ഞങ്ങൾ തന്നെ കല്യാണം കഴിപ്പിച്ചയച്ചു. ആയിരത്തിലധികം കുട്ടികൾ ഇവിടെ പഠിച്ച് പുറത്തിറങ്ങി. ഇപ്പോഴും കുട്ടികളുടെ സ്നേഹാർദ്രമായ വിളികൾ ഫോണിലൂടെ എത്താറുണ്ടെന്ന് സിസ്റ്റർ മാർഗരറ്റ് മേരി പറഞ്ഞു. തുടക്കത്തിൽ ആറു വർഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് പല തവണകളായി 18 വർഷം താൻ ചെന്പേരിയിലും ബാലഭവനിലും സേവനമനുഷ്ഠിച്ചിരുന്നെന്ന് സിസ്റ്റർ പറഞ്ഞു. സിസ്റ്റർ മാർഗരറ്റ് മേരി ഇപ്പോൾ കണ്ണൂർ താഴെചൊവ്വയിലുള്ള എഫ്സി പ്രൊവിൻഷ്യൽ ഹൗസായ ജ്യോതി ഭവനിൽ വിശ്രമജീവിതം നയിച്ചുവരികയാണ്.
1964ൽ അന്നത്തെ ചെന്പേരി ലൂർദ് മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. പോൾ വഴുതലക്കാട്ടിന്റെ ആഗ്രഹപ്രകാരമാണ് ഫ്രാൻസിസ്കൻ ക്ലാര സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ് ബാലഭവന് തുടക്കം കുറിക്കുന്നത്. മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ ആൻമേരിയാണ് ബാലഭവൻ തുടങ്ങുന്നതിനായി ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിപിതാവിൽനിന്ന് അനുവാദം വാങ്ങിയത്. മാർച്ച് 19ന് മഠത്തിന്റെ ഒരു മുറിയിലായിരുന്നു ആറുകുട്ടികളുമായി ബാലഭവന്റെ തുടക്കം. നാനാജാതിമതസ്ഥരായ കുട്ടികൾ ഇവിടെയുണ്ടായിരുന്നു.
1981ൽ സ്വന്തമായി കെട്ടിടംപണി തുടങ്ങി മൂന്നു വർഷം കൊണ്ട് അവിടേക്ക് മാറി. ബാലഭവന്റെ തുടക്കത്തിൽ സിസ്റ്റർ മാർഗരറ്റ് മേരിയെ കൂടാതെ സിസ്റ്റർമാരായ ആഗ്നസ്, ബെസി, ബൊളോഞ്ഞ, റെജീന, ആൻസി, അലക്സ്, മേഴ്സിറ്റ, ആന്റോ, ജാൻസി, ത്രസില്ല, കുസുമം എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ചെന്പേരി പള്ളിയിലെ പാട്ട്, പ്രാർഥന..തുടങ്ങി മറ്റുകാര്യങ്ങളിലെല്ലാം ബാലഭവനിലെ കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. സ്കൂളിലെ പഠനത്തിനു പുറമേ കുട്ടികളിൽ വിവിധ കഴിവുകൾ വളർത്തുന്നതിനുവേണ്ടി സംഗീതം, ഉപകരണങ്ങൾ, ഡാൻസ്, ബാൻഡ് എന്നിവയും പഠിപ്പിച്ചിട്ടുണ്ട്. ബാലഭവനിലെ ബാൻഡ് ട്രൂപ്പ് സ്കൂൾ കലോത്സവങ്ങളിൽ പല തവണ മികച്ച വിജയം കൈവരിച്ചിരുന്നു. കൂടാതെ പള്ളിപെരുന്നാളുകളിലെല്ലാം പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.