ഉരുൾപൊട്ടലിന്റെ ദുരിതത്തിൽനിന്ന് കരകയറാനാകാതെ കർഷക കുടുംബം
1442080
Monday, August 5, 2024 1:56 AM IST
നെടുംപുറംചാൽ: രണ്ടുവർഷം മുന്‍പുണ്ടായ ഉരുൾപൊട്ടലിന്റെ ദുരിതക്കയത്തിൽ നിന്നും കരകയറാനാകാതെ ഈറ്റപ്പുറത്ത് ഐസക്കും കുടുംബവും. ഉരുൾപെട്ടലിൽ വീടും കൃഷിയിടവുമെല്ലാം നഷ്ടപ്പെട്ട ഐസക്കിനും കുടുംബത്തിനും പുതിയ വീടുണ്ടാക്കാനോ കൃഷിയിടം വാങ്ങി കൃഷിയിറക്കാനോ ആയിട്ടില്ല. ഉപജീവനമായിരുന്ന കന്നുകാലി വളർത്തലിനും ഇപ്പോഴാകുന്നില്ല. ജീവിക്കാൻ മാർഗമില്ലാതായതോടെ ഭാവി ഇവർക്കു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്.
2022ൽ നടന്ന പൂളക്കുറ്റി ഉരുൾപൊട്ടലിലാണ് ഐസക്കിന് വീടും കൃഷിയിടവുമെല്ലാം നഷ്ടമായത്. വീട് താമസ യോഗ്യമല്ലാതായതോടെ ഇപ്പോൾ വാടക വീട്ടിലാണ് താമസം.
സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭിച്ചിരുന്നെങ്കിലും ഇതുകൊണ്ട് സ്ഥലംവാങ്ങി വീട് പണിയാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടക വീട്ടിൽ താമസിക്കാൻ നിർബന്ധിതനായതെന്ന് ഐസക് പറഞ്ഞു.
ഭാര്യയും മൂന്നു മക്കളുമുൾപ്പെടുന്നതാണ് ഈ കർഷക കുടുംബം. ദൈനംദിന ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാമായി പണം കണ്ടെത്താൻ നട്ടം തിരിയുന്ന അവസ്ഥയിലാണ് താനെന്ന് ഐസക് പറഞ്ഞു.