കക്കുവ പുഴയിൽ വയോധികനെ കാണാതായി
1441977
Sunday, August 4, 2024 7:57 AM IST
ഇരിട്ടി: കീഴ്പള്ളി കക്കുവ പുഴയിൽ വയോധികനെ കാണാതായി. കിളിരൂർപറമ്പിൽ വർഗീസിനെയാണ്(70 ) വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പുഴയുടെ വട്ടപ്പറമ്പ് ഭാഗത്തുനിന്ന് കാണാതായത്. പുഴ വരെ പോകുകയാണെന്ന് സമീപവാസിയോട് പറഞ്ഞ് യാത്ര തിരിച്ച വർഗീസിനെ പിന്നീട് കാണാതാവുകയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ള വർഗീസ് അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്ന് സംശയിക്കുന്നു.
കൈവശമുണ്ടായിരുന്ന കുട പുഴയുടെ സമീപത്തുനിന്നു കണ്ടെടുത്തു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പുഴയുടെ തീരഭാഗങ്ങളിൽ ഉൾപ്പെടെ ഇന്നലെ വൈകുന്നേരം വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കുള്ള പുഴയിൽ തെരച്ചിൽ ദുഷ്കരമാണ്.
തെരച്ചിൽ ഇന്നും തുടരും. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബെന്നി ദേവസ്യ, എൻ.ജി. അശോകൻ, ഫയർ ഓഫീസർമാരായ കെ.റോഷിത്, ഷാലോ സത്യൻ, ജസ്റ്റിൻ ജെയിംസ്, ഹോം ഗാർഡുമാരായ ധനേഷ്, ബെന്നി സേവ്യയർ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.