കുഴിക്കാട്ടുശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ കൊടിയേറ്റം 30ന്
1425463
Tuesday, May 28, 2024 2:20 AM IST
മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ 30ന് കൊടിയേറും. പ്രധാന തിരുനാൾ ജൂൺ എട്ടിനും എട്ടാമിടം ജൂൺ 15നും നടക്കും. 30 മുതലുള്ള നവനാൾദിനങ്ങളിൽ ദിവസവും രാവിലെ 10.30നു ദിവ്യബലി, സന്ദേശം, നൊവേന, നേർച്ചഭക്ഷണം എന്നിവയും വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവയും നടക്കും.
തിരുനാൾ കൊടിയേറ്റ് ദിനത്തിൽ വിശുദ്ധയുടെ മാതൃ ഇടവകയായ അങ്കമാലി തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നിനുള്ള ആരാധനയെത്തുടർന്ന് പുറപ്പെടുന്ന ദീപശിഖാപ്രയാണം വൈകുന്നേരം 5.45ന് തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ദീപശിഖ സ്വീകരിച്ചു കബറിടത്തിലെ വിളക്കു തെളിക്കും. തുടർന്ന് തിരുനാൾ കൊടിയേറ്റം കർദിനാൾ മാർ തട്ടിൽ നിർവഹിക്കും. വിശുദ്ധ കുർബാന, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവയിലും മേജർ ആർച്ച്ബിഷപ് മുഖ്യകാർമികനാകും.
ജൂൺ ഒന്നുമുതൽ അഞ്ചുവരെ പഞ്ചക്ഷതധാരിയായ വിശുദ്ധ മറിയം ത്രേസ്യയെ അനുസ്മരിച്ചു പഞ്ചദിനസംഗമം നടക്കും. ഒന്നിന് ഗായകസംഗമം, സംഘഗാനമത്സരം, രണ്ടിന് യുവജനസംഗമം, മൂന്നിന് കുടുംബസംഗമം, നാലിനു മാതൃസംഗമം, അഞ്ചിന് വിദ്യാർഥീസംഗമം എന്നിവയാണു ക്രമീകരിച്ചിട്ടുള്ളത്.
പ്രധാന തിരുനാൾദിനമായ ജൂൺ എട്ടിനു രാവിലെ ആറുമുതൽ രാത്രി ഏഴുവരെ ദിവ്യബലികൾ അർപ്പിക്കപ്പെടും. 9 30ന് തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചകഴിഞ്ഞു മൂന്നിനുള്ള ദിവ്യബലിയെത്തുടർന്ന് തിരുനാൾ പ്രദക്ഷിണവും തിരുശേഷിപ്പു വണക്കവും നടക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നേർച്ചഭക്ഷണ വിതരണമുണ്ടാകും.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ തീർഥകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ ജോജോ അമ്പൂക്കൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർമാരായ സിസ്റ്റർ ജെസിൻ തെരേസ്, അഭിലാഷ് പുല്ലുപറമ്പിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവർ പങ്കെടുത്തു.