ബാങ്കിൽ മൂർഖൻ; ഇടപാടുകൾ തടസപ്പെട്ടു
1425459
Tuesday, May 28, 2024 2:19 AM IST
ഇരിട്ടി: ബാങ്കിനുള്ളിൽ അതിഥിയായി എത്തിയ മൂർഖൻ പാമ്പ് ഒരുമണിക്കൂർ നേരം ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീതിയിലാക്കി. ഒരു മണിക്കൂറോളം ബാങ്ക് ഇടപാടുകൾ സ്തംഭിച്ചു. ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിലാണ് ഇന്നലെ രാവിലെ 10. 45 ഓടെ മൂർഖൻ പാന്പിനെ കണ്ടത്. ബാങ്കിൽ വന്ന ഇടപാടുകാരനാണ് പടിക്കെട്ടിലൂടെ പാന്പ് അകത്തേക്ക് കയറുന്നത് കണ്ടത്.
അകത്തു കയറി പാന്പ് മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ചു. ഇതോടെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയിലായി. ഇടയ്ക്കിടെ പാന്പ് പത്തി വിടർത്തി ചീറ്റിത്തുടങ്ങുകയും ചെയ്തത് സ്ഥിതി കൂടുതൽ ഭീതിദമാക്കി. ബാങ്കിൽ മൂർഖൻ കയറിയതറിഞ്ഞ സമീപത്തെ കച്ചവടക്കാരും ചുമട്ട് തൊഴിലാളികളുൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. ഉടൻ തന്നെ വനംവകുപ്പ് താത്കാലിക ജീവനക്കാരനും സ്നേക്ക് റെസ്ക്യുവറും മാർക്ക് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയും ഫൈസൽ സ്ഥലത്തെത്തി പാന്പിനെ പിടികൂടുകയുമായിരുന്നു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാന്പുകൾ പുറത്തേക്കിറങ്ങുന്ന സമയമാണിതെന്നും ജനം ജാഗ്രത പുലർത്തണമെന്നും ഫൈസൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്നായി നൂറോളം പാന്പുകളെ പിടികൂടിയതായും ഫൈസൽ പറഞ്ഞു.