പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു
1424104
Wednesday, May 22, 2024 1:48 AM IST
മാഹി: പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു. പള്ളൂരിലെ നാലുതറ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രന്റെ വീട്ടിലാണ് ഇന്നലെ പുർലച്ചെ രണ്ടരയോടെ മോഷണം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന പവിത്രന്റെ ഭാര്യ ബിന്ദുവിന്റെ കഴുത്തിലെ ഒന്നര പവന്റെ താലിമാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. ബിന്ദുവിന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.
പിൻഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. പവിത്രനും ഭാര്യയും മകളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇതേ സമയത്ത് മോഷ്ടാവ് മുകളിലെ മുറിയിൽ കയറുകയും ശബ്ദം കേട്ടുണർന്ന മകൾ നിലവിളിക്കുകയും ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി മുൻവശത്തെ വാതിൽ മോഷ്ടാക്കൾ തുറന്നുവച്ചിരുന്നു.
ബൈപാസ് സർവീസ് റോസിന് സമീപമുള്ള ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്റെ പിവൈ-01 എഇസഡ് 1404 നമ്പർ ഹീറോ ഹോണ്ട സിഡി ഡീലക്സ് ബൈക്കും മോഷ്ടിച്ചു.സതീശന്റെ വീട്ടിൽ കയറാൻ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്.
പരിസരത്തെ മറ്റൊരു വീട്ടിലെ ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സീനാസിൽ രാജീവന്റെ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. നടക്കാതെ വന്നപ്പോൾ മോഷ്ടാവ് കൈയ്യുറ അവിടെ ഉപേക്ഷിക്കുകയായിരുന്നു.
തൊട്ടടുത്ത രണ്ട് വീടുകളിലും മോഷണ ശ്രമം നടന്നു. നന്ദനത്തെ ചന്ദ്രിയുടെ വീട്ടിൽ നിന്നും സ്വർണ കമ്മൽ മോഷണം പോയി. വീട്ടിലെ അലമാര കുത്തിതുറന്ന് വാരിവലിച്ചിട്ട നിലയിലാണ്.
സമീപത്തെ ആളില്ലാത്ത വീട്ടിലും കയറാൻ ശ്രമം നടന്നു. ഗ്രിൽസിന്റെ പൂട്ടും ബൾബും മോഷ്ടാക്കൾ അടിച്ചു പൊട്ടിച്ചു. പള്ളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.