കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ നൂറേക്കർ-പെരുമുണ്ടമല റോഡ് തകർന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണ് അധികൃതർ തിരിഞ്ഞു നോക്കാതെ തകർന്നനിലയിൽ കിടക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. മുക്കട-നൂറേക്കർ -പെരുമുണ്ട സൗത്ത് പ്രദേശത്തെ ബന്ധിപ്പിച്ചുള്ള റോഡിന്റെ അരക്കിലോ മീറ്ററോളം ഭാഗം ഇനിയും ടാറിംഗ് നടത്തിയിട്ടില്ല.
കാൽനടയാത്രയ്ക്കു പോലും കഴിയാത്ത വിധത്തിലുള്ള ശോച്യാവസ്ഥയിലാണ് റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി. ജീപ്പുപോലും ഈ വഴിയിലൂടെ വരാൻ മടിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതോടെ തങ്ങളുടെ യാത്ര ദുരിതത്തെപ്പറ്റിയുള്ള ആശങ്കയിലാണ് ഈ പ്രദേശത്തെ ജനങ്ങൾ. സ്കൂൾ തുറക്കുന്നതോടെ കുട്ടികളടക്കം നിരവധി പേർ ഈ റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും അധികൃതർ കേട്ടില്ലെന്ന ഭാവം നടിക്കുന്നില്ല. ടാറിംഗ് പ്രവൃത്തി നടത്തി യാത്രാദുരിതം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.