സമ്പൂർണ സൗരോർജ തൂക്കുവേലി അവതാളത്തിൽ കാട്ടാനകൾ വിലസുന്നു
1395691
Monday, February 26, 2024 1:40 AM IST
ആലക്കോട്: ഏറെ കൊട്ടിഘോഷിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമാണ പ്രവർത്തി ഉദ്ഘാടനം നടത്തിയ ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
കർണാടക വനാതിർത്തിയിൽ നിന്ന് കാട്ടാനകൾ കൂട്ടത്തോടെ ചീക്കാട് പ്രദേശങ്ങളിലും, ഭൂരഹിതരായ ആദിവാസികൾക്ക് പുനരധിവാസ പദ്ധതിയിൽ പതിച്ച് കിട്ടിയ അപ്പർ ചീക്കാട് മേഘലകളിലും എത്തുന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. തുടർച്ചയായ ദിവസങ്ങളിൽ കട്ടാനക്കൂട്ടം ഈ പ്രദേശങ്ങളിൽ തങ്ങുന്നത് വാഹന-കാൽനട യാത്രക്കാർക്കും, കർഷകർക്കും, കോളനി നിവാസികൾക്കും ഭീക്ഷണിയാണ്. പകലും രാത്രിയിലും സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി ആയിരക്കണക്കിന് വാഴകളും തെങ്ങ്, കമുക് തുടങ്ങിയ കൃഷികളും നശിപ്പിച്ചിരുന്നു. നേരത്തെ സ്ഥാപിച്ചിരുന്ന സോളാർവേലി നശിച്ചതിനെ തുടർന്ന് കാട്ടാന അടക്കം വന്യമ്യഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിൽ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തൂക്കുവേലി നിർമിക്കാൻ അനുമതിയായത്.
വനാതിർത്തി തുടങ്ങുന്ന മഞ്ഞപ്പുല്ലു മുതൽ ജോസ്ഗിരി വരെ 13.5കിലോമീറ്റർ സൗരോർജ തൂക്കുവേലി സമ്പൂർണമാക്കുന്ന നടപടിയായിരുന്നു ആവിഷ്കരിച്ചത്. ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകൾ ചേർന്ന് 75 ലക്ഷം രൂപയാണ് ഒന്പത് കിലോമീറ്റർ നിർമാണത്തിനായി നീക്കിവച്ചത്. അവശേഷിക്കുന്ന തൂക്കുവേലി പൂർത്തീകരിക്കുന്നതിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ 17 ലക്ഷം രൂപ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. രണ്ടു കിലോമീറ്റർ തൂക്ക് വേലിനിർമാണത്തിന് 16 ലക്ഷം രൂപയും, രണ്ടര കിലോമീറ്റർ തൂക്കുവേലിക്ക് 20 ലക്ഷവും സജീവ് ജോസഫ് എംഎൽഎയും അനുവദിച്ചിരുന്നതാണ്. ഇതോടുകൂടി വനമേഖല പൂർണമായും സൗരോർജ തൂക്കുവേലി നിർമിക്കുന്നതിനുള്ള സമഗ്ര പദ്ധതിയിലേക്കാണ് ഉദയഗിരി പഞ്ചായത്ത് കടന്നിരുന്നത്. അതാണിപ്പോൾ നിർമാണം തുടങ്ങാതെ അനശ്ചിതമായി നീണ്ടുപോകുന്നത്.
അതേസമയം നിർമാണ പ്രവർത്തി ആരംഭിക്കണമെങ്കിൽ വനാതിർത്തിയിൽ തൂക്കുവേലി നിർമിക്കുന്ന സ്ഥലത്തിന്റെ ഇരുവശങ്ങളിലുമായി അഞ്ച് മീറ്റർ വീതിയിൽ ഗുണഭോക്താളും നാട്ടുകാരും ചേർന്ന് കാടുതെളിച്ച് നൽകണമെന്നാണ് പഞ്ചായത്തും നിർമാണം ഏറ്റെടുത്ത കമ്പനിയും പ്രദേശവാസികളോട് അവശ്യപ്പെടുന്നത്.