മൊബൈൽ റേഞ്ചിന്റെ കാര്യത്തിൽ മലയോരമേഖല പത്താം വർഷവും പരിധിക്ക് പുറത്ത്
1395684
Monday, February 26, 2024 1:39 AM IST
ചന്ദനക്കാംപാറ (കണ്ണൂർ): മലയോര മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതിന്റെ ദുരിതം ചില്ലറയല്ല. കഴിഞ്ഞ 10 വർഷത്തിലധികമായി ഔട്ട് ഓഫ് കവറേജ് ഏരിയയിലാണ് ശ്രീകണ്ഠപുരം നഗരസഭയിലെ ചില വാർഡുകളും പയ്യാവൂർ, ഏരുവേശി, നടുവിൽ, ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളും.
കാട്ടാനക്കലിയിൽ ഉറക്കമിളച്ചിരുന്ന ചന്ദനക്കാംപാറ, ആടാംപാറ, വഞ്ചിയം, പൊട്ടംപ്ലാവ്, കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി കൂടാതെ വിളക്കന്നൂർ, പടിയൂർ, ഊരത്തൂർ, ഏരുവേശി, മടമ്പം, അലക്സ് നഗർ തുടങ്ങിയ നിരവധി ഗ്രാമങ്ങളിലും പ്രശ്നം രൂക്ഷമാണ്. ടവറുകൾക്ക് താഴെ പോലും പതിവായി "കറങ്ങി' തീർക്കുകയാണ് ബിഎസ്എൻഎലിന്റേയും സ്വകാര്യകമ്പനികളുടേയും റേഞ്ച് മാജിക്.
ഏരുവേശി പഞ്ചായത്തിലെ പുളിച്ചോട് മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായതിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. കുട്ടികൾ പകൽസമയത്ത് പ്രദേശത്തെ മലമുകളിലിരുന്നാണ് ഓൺലൈൻ പഠനം നടത്തിയിരുന്നത്. ടവര്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോൾ കുറെ ടവറുകൾ സ്ഥാപിച്ചു. എന്നിട്ടും ഫലം തഥൈവ!
പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ കാട്ടാനയിറങ്ങിയപ്പോഴാണ് ഫോണിന്റെ പ്രദേശങ്ങളിലെ റേഞ്ച് പ്രശ്നം പലരും മനസിലാക്കുന്നത്. മേഖലയിൽ മൊബൈൽ ടവർ സ്ഥാപിച്ചു ദുരിതം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചു. പക്ഷെ ഇപ്പോഴും റേഞ്ച് പ്രശ്നം തുടരുകയാണ്.
മലയോരത്ത് ഓൺലൈനിലൂടെ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. നടുവിലും പടിയൂരിലും കുന്നത്തൂരിലും ബിഎസ്എൻഎലിന് ടവർ ഉണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനമില്ല. ഉയർന്ന പ്രദേശത്ത് കയറിയാലെ നെറ്റ്വര്‍ക്ക് കിട്ടൂ. മുമ്പ് സ്വകാര്യ കമ്പനികൾക്ക് ഇവിടെ റേഞ്ച് കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ അതുമില്ല. ഒരാൾക്ക് റേഞ്ച് കിട്ടുന്നുണ്ടെങ്കിൽ എല്ലാവരും ആ സിം കമ്പനിയുടെ പിറകെ പോകും. മിക്ക വീടുകളിലും ആളാംവീതം രണ്ടു ഫോണും നാല് കമ്പനികളുടെ നമ്പറുകളുമാണ് ഉപയോഗിക്കുന്നത്.
കാഞ്ഞിരക്കൊല്ലിയിൽ ഒരു വീട്ടിൽ ആറ് പേർ 12 ഫോണുകളാണ് ഉപയോഗിക്കുന്നത്. സിമ്മിന്റെ എണ്ണം 28 കടക്കും. പല ഗ്രാമങ്ങളിലും ബിഎസ്എൻഎൽ പൂർണമായും പടിക്ക് പുറത്താണിപ്പോൾ. സ്വകാര്യകമ്പനികളാണെങ്കൽ കണക്ഷൻ കൂട്ടാൻ മാത്രം മികച്ച സേവനം നല്‍കിയും പിന്നീട് വേണ്ട സർവീസ് നല്‍കാതെയും നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.