സ്കൂൾ കുട്ടികളേറെയും "പോക്കിമോൻ' ഗെയിമിൽ
1373867
Monday, November 27, 2023 4:17 AM IST
കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ 'പോക്കിമോൻ' സ്കൂൾകുട്ടികൾക്കിയിൽ വ്യാപകമായതോടെ ആശങ്കയിൽ അധ്യാപകരും രക്ഷിതാക്കളും. കണ്ണൂർ ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഈ ഗെയിമിന് അടിമപ്പെട്ടതായാണ് വിവരം. രഹസ്യമായി പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള സാധ്യത വർധിക്കുന്നതായാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനുള്ള പ്രവണതയുള്ളതായും ഇതിൽ പറയുന്നുണ്ട്. ചീട്ടുകളി മാതൃകയിലാണ് ഈ കളി. 10 രൂപ മുതൽ 500 രൂപ വരെയുള്ള പോക്കിമോൻ കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ കളിക്കുന്നത്.സ്കൂൾ ബസുകളിലും ക്ലാസിലെ ഒഴിവുസമയങ്ങളിലും ഇരുന്നാണ് കുട്ടികൾ കൂടുതലായും ഈ ഗെയിം കളിക്കുന്നത്.
രക്ഷിതാക്കളിൽ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞ് പണം വാങ്ങിയാണ് ഭൂരിഭാഗം കുട്ടികളും പോക്കിമോൻ കളിക്കുന്നത്. ചീട്ടുമാതൃകയിലുള്ള ഈ ഗെയിം കളിക്കാനായി ഓൺലൈനായി ഓർഡർ ചെയ്തും സ്കൂളിനടുത്ത പെട്ടിക്കടകളിൽ നിന്നും മറ്റുമാണ് കാർഡുകൾ ലഭിക്കുന്നത്.
ഗെയിമിന് അടിമകൾ മലയോരത്തെ കുട്ടികൾ
മലയോരത്തെ കുട്ടികളാണ് കൂടുതലായും ഗെയിമുകൾക്ക് അടിമകളാകുന്നത്. വീട്ടിൽ നിന്നും സ്കൂളുകളിലേക്ക് നൽകാനായി രക്ഷിതാക്കൾ നൽകുന്ന പണമാണ് ഇവർ പോക്കിമോൻ കളിക്കാൻ ഉപയോഗിക്കുന്നത്. സ്കൂളുകളിലെ ആവശ്യത്തിന് പണം നൽകാതെ വരുമ്പോൾ രക്ഷിതാക്കളെ അധ്യാപകർ വിളിച്ച് ചോദിക്കുമ്പോഴാണ് പണം നേരത്തെ കൊടുത്തുവിട്ടിരുന്നെന്ന് അറിയുന്നത്. വിദ്യാർഥികളോട് അധ്യാപകർ കാര്യം തിരക്കുമ്പോഴാണ് ഗെയിംകളിക്കാൻ പണം എടുത്തുവെന്ന് മനസിലാകുന്നത്.
പഠനത്തിൽ മുന്നിലുണ്ടായിരുന്ന പല കുട്ടികളും ഗെയിമുകൾക്ക് അടിമകളായി പഠനത്തിൽ പിന്നാക്കം പോകുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.
ഗെയിം രീതി ഇങ്ങനെ...
പ്രധാനമായും രണ്ട് രീതിയിലാണ് കുട്ടികൾ ഈ ഗെയിം കളിക്കുന്നത്. ഒന്നാമത്തെ രീതി നമ്പർ ഉപയോഗിച്ചുള്ളതാണ്. ഒരു കുട്ടി പോക്കിമോൻ കാർഡിന്റെ 170 എന്ന നമ്പർ കാർഡ് ഇട്ടാൽ അടുത്തയാൾ 180 ഇട്ടാൽ രണ്ടുകാർഡുകളും ആ കുട്ടിക്ക് ലഭിക്കും.
കാർഡിലെ ചിത്രങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതാണ് അടുത്ത രീതി. കാർഡുകളിൽ ഒരേ ചിത്രങ്ങൾ ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കുകയും അവർക്ക് കൂടുതൽ കാർഡുകൾ ലഭിക്കുകയും ചെയ്യും. സിൽവർ, ഗോൾഡ് കാർഡുകൾ വേറെയുമുണ്ട്. 10 രൂപയുടെ ഒരുപാക്കറ്റ് കാർഡ് വാങ്ങുമ്പോൾ സിൽവർ, ഗോൾഡ് കാർഡുകൾവരെ ലഭിക്കും.
ഇത്തരത്തിൽ കാർഡ് ലഭിക്കുന്നവർ അത് 300 രൂപ മുതൽ 500 രൂപയ്ക്ക് വരെ മറിച്ച് വിൽക്കും. ഗോൾഡ് കാർഡിന് മുകളിൽ പോയന്റുകൾ നേടിയാൽ പ്രധാന മാളുകളിലും മറ്റും ചില ഗെയിമുകൾ സൗജന്യമായി കളിക്കാമെന്നും പറയുന്നുണ്ട്.
സ്വന്തം ലേഖിക