കാറിടിച്ച് പരിക്കേറ്റ അധ്യാപകൻ മരിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ
1335342
Wednesday, September 13, 2023 7:00 AM IST
മട്ടന്നൂർ: വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു. മട്ടന്നൂരിലെ സെന്റ് തെരേസ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായ ഇല്ലംമൂലയിലെ രണ്ടാണി വീട്ടിൽ വി.കെ.പ്രസന്നൻ (63) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കോളജിൽനിന്നും വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ മട്ടന്നൂർ - ശിവപുരം റോഡിൽ ഇല്ലംമൂലയിൽ വച്ചാണ് വാഹനമിടിച്ചത്. ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന പ്രസന്നനെ നാട്ടുകാർ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ: സുജാത. മകൻ: ഗോപി കൃഷ്ണ.
സംഭവുമായി ബന്ധപ്പെട്ട് കാർഡ്രൈവർ ഉരുവച്ചാൽ ഇടപ്പഴശി സ്വദേശി ലിപിനെ(38) മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിക്കാതെയാണ് അപകടമുണ്ടായതെന്നാണ് ലിപിൻ പോലീസിനോട് പറഞ്ഞത്.
മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. പ്രമോദൻ, എസ്ഐ യു.കെ. ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചുവന്ന ആൾട്ടോ കാർ കണ്ടെത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാളുടെ പേരിൽ കേസെടുത്തത്.