വൈദ്യുത ലൈനുകൾ കൂട്ടിയിടിച്ച് റബർ തോട്ടം കത്തിനശിച്ചു
1280772
Saturday, March 25, 2023 1:03 AM IST
ആലക്കോട്: നെല്ലിക്കുന്ന് നൂലിട്ടാ മലയിൽ വൈദ്യുത ലൈനുകൾ തമ്മിൽ കൂട്ടിയിടിച്ച് റബർ തോട്ടം കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ആലക്കോട് പഞ്ചായത്തിലെ നെല്ലിക്കുന്ന്, പാത്തൻപാറ പ്രദേശങ്ങളിലെ കടംതോട്ടത്തിൽ ബേബിയുടെ രണ്ടേക്കർ റബർ തോട്ടം പൂർണമായും കത്തിനശിച്ചു.
പട്ടാംകുളം തങ്കച്ചൻ, കുറുവന്താനത്ത് ജോസ്, കപ്പിലുമാക്കൽ ആന്റണി എന്നിവരുടെ ഏക്കർ കണക്കിന് വരുന്ന കൃഷിയിടം കത്തിനശിച്ചതിൽ ഉൾപ്പെടുന്നു.
ഇത്രയും വലിയ ദുരന്തത്തിനു കാരണം വൈദ്യുതി ബോർഡിന്റെ അനാസ്ഥ മൂലമാണെന്ന് പരിസരവാസികൾ കുറ്റപ്പെടുത്തി.
ലൈനുകൾ തൂങ്ങിക്കിടക്കുന്നത് അപകടത്തിന് പ്രധാന കാരണമായി. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കു മുന്പ് ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ ഇതേ സാഹചര്യത്തിൽ കത്തിനശിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു മുൻകരുതൽ നടപടികളും ഉണ്ടാകാത്തത് പ്രദേശത്തെ കർഷകർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
നാട്ടുകാരുടെയും പാത്തൻപാറ ദേവാലയ വികാരി ഫാ. സെബാൻ ഇടയാടിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഫയർഫോഴ്സിന്റെ മണിക്കൂറുകളോളമുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.