തിരുവത്താഴസ്മരണയിൽ പെസഹാ ആചരിച്ചു ; ഇന്നു വേദനയുടെ ദുഃഖവെള്ളി
1543479
Friday, April 18, 2025 12:34 AM IST
തൃശൂർ: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ലോകമെന്പാടുമുള്ള ക്രൈസ്തവർ പെസഹാ ആചരിച്ചു. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും ദിവ്യകാരുണ്യആരാധനയും പ്രദക്ഷിണവും നടന്നു. അപ്പംമുറിക്കൽ ശുശ്രൂഷയും പുത്തൻപാനവായനയും ഉണ്ടായിരുന്നു.
ഇന്നു ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരണം നടക്കും. ഉപവാസദിനമായ ഇന്നു രാവിലെ പള്ളികളിൽ പീഡാനുഭവവായന, കുരിശുചായ്ക്കൽ ശുശ്രൂഷകൾ നടക്കും. വൈകീട്ട് പരിഹാരപ്രദക്ഷിണം, നഗരികാണിക്കൽ, ദുഃഖവെള്ളിസന്ദേശം എന്നിവയുണ്ടാകും.
തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി.
ലൂർദ് കത്തീഡ്രലിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമ്മണ്ണൂർ എന്നിവർ സഹകാർമികരായി. കത്തീഡ്രലിലെ സിഎൽസി, കെസിവൈഎം, ജീസസ് യൂത്ത് എന്നീ യുവജനസംഘടനകളിലെ അംഗങ്ങളുടെ പാദങ്ങളാണ് മാർ ടോണി നീലങ്കാവിൽ കഴുകി ചുംബിച്ചത്. ചടങ്ങുകൾക്കു നടത്തുകൈക്കാരൻ ലൂവി കണ്ണാത്ത്, മറ്റു കൈക്കാരന്മാരായ ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്തസംഘടനാംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന കാല്കഴുകല്ശുശ്രൂഷയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറാൾ മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തിരുക്കർമങ്ങൾക്കു മുഖ്യകാർമികനായി. വികാരി ഫാ. ജാക്സണ് വലിയപറന്പിൽ, ഫാ.ജോബി കാട്ടാശേരി, ഫാ. അജയ് കൈതത്തറ എന്നിവർ സഹകാർമികരായിരുന്നു.
തൃശൂർ മാർത്ത് മറിയം വലിയ പള്ളിയിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു.