തിപ്പലശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; കോൺഗ്രസ് ഒപ്പുശേഖരണം നടത്തി
1543182
Thursday, April 17, 2025 1:40 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് തിപ്പലശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒപ്പു ശേഖരണവും പ്രതിഷേധ ധർണയും നടത്തി. കടങ്ങോട് പഞ്ചായത്തിലെ രണ്ട്, മൂന്ന്, ഒമ്പത് വാർഡുകളിൽ ഉൾപ്പെട്ട റോഡ് തകർന്നു കുണ്ടും കുഴിയും നിറഞ്ഞിട്ട് വർഷങ്ങളായി. കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയെയും അക്കിക്കാവ് എരുമപ്പെട്ടി ബൈപാസ് റോഡിനേയും ബന്ധിപ്പിക്കുന്ന റോഡാണ് തകർന്ന് കാൽനട യാത്രയ്ക്ക് പോലും സാധ്യമാകാത്ത അവസ്ഥയിൽ ആയിരിക്കുന്നത്.
മഴപെയ്താൽ റോഡ് ചെളിക്കുണ്ടായി മാറും. അധികൃതരുടെ അവഗണനയ്ക്കെതിരെ കോൺഗ്രസ് രണ്ട്, മൂന്ന്, ഒമ്പത് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണവും പ്രതിഷേധവും സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി.കെ ശിവരാമൻ അധ്യക്ഷനായി. നേതാക്കളായ കെ.യു. സണ്ണി, സി.ജി. ജാക്സൻ, പി.സി. ഗോപാലകൃഷ്ണൻ, സലാം വലിയകത്ത്, സജീവ് ചാത്തനാത്ത്, ഒ.എസ്. വാസുദേവൻ, പി.വി. കൃഷ്ണൻകുട്ടി, പഞ്ചായത്ത് മെമ്പർമാരായ ജോളി തോമസ്, സൈബുന്നിസ ഷറഫു, രജിത ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.