പരസ്യ മദ്യപാനം ചോദ്യംചെയ്ത പോലീസിനെ ഭീഷണിപ്പെടുത്തികടന്ന മൂന്നു യുവാക്കൾ അറസ്റ്റിൽ
1543472
Friday, April 18, 2025 12:34 AM IST
വരന്തരപ്പിള്ളി: പൊതുസ്ഥലത്തു പരസ്യമായി മദ്യപിക്കുന്നതു ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിൽ പോലീസിനെ ഭീഷണിപ്പെടുത്തുകയും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേരെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങാലൂർ കുണ്ടുകടവ് സ്വദേശി പാറമേക്കാടൻ വീട്ടിൽ രമേഷ്, തെക്കെ നന്തിപുലം സ്വദേശി മൂലേക്കാട്ടിൽ വീട്ടിൽ അഭിലാഷ്, സഹോദരൻ അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നന്തിപുലം ഇടലപ്പിള്ളി ക്ഷേത്രപരിസരത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ സി.ജി. മനോജിനെയും പോലീസുകാരെയും ഭീഷണിപ്പെടുത്തുകയും തട്ടിമാറ്റി രക്ഷപ്പെടുകയുമായിരുന്നു. നന്തിപുലത്തുനിന്നാണ് പ്രതികള അറസ്റ്റ് ചെയ്തത്.
വരന്തരപ്പിള്ളി എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ അടിപിടിക്കേസുകളിൽ പ്രതിയാണ് രമേഷ്. അഭിലാഷിനു വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും ഒരു പോക്സോ കേസും നിലവിലുണ്ട്. അഖിലേഷ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലെ പ്രതിയാണ്.