പാവറട്ടി കുണ്ടുവക്കടവിലെ അനധികൃത നിർമാണം നിർത്തിവയ്ക്കണം
1543467
Friday, April 18, 2025 12:34 AM IST
പാവറട്ടി: കുണ്ടവക്കടവിലെ അനധികൃത നിർമാണം നിർത്തിവെയ്ക്കണമെന്നും, നിർമിച്ചവ ഉടൻ പൊളിച്ചു നീക്കണമെന്നും കാണിച്ച് പാവറട്ടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പതിച്ചു ഉത്തരവിറക്കി. പാവറട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുണ്ടുവക്കടവ് പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.
തീരദേശ നിയന്ത്രണ നിയമം നിലനിൽക്കുന്ന ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്നിരിക്കേ അനുമതി ഇല്ലാതെയും, 1994 പഞ്ചായത്ത് രാജ് ആക്ടിനും ബന്ധപ്പെട്ട ചട്ടങ്ങൾക്കും കെട്ടിട നിർമാണ ചട്ടങ്ങൾക്കും തീരദേശ പരിപാലന നിയമങ്ങൾക്കും എതിരായതിനാൽ 24 മണിക്കൂറിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് ഉത്തരവിൽ പറയുന്നു.
നോട്ടീസിലെ വിവരങ്ങൾക്ക് അതീതമായ കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ സ്ഥലമുടയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാമെന്നും, ഉത്തരവ് അനുസരിക്കാത്ത പക്ഷം സ്ഥലമുടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും, തുടർന്നുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾ ഉടമയിൽ നിന്നും വസൂലാക്കും എന്നും ഉത്തരവിലുണ്ട്.