പാറമേക്കാവിന്റെ പൂരപ്പന്തലിനു കാൽനാട്ടി
1543179
Thursday, April 17, 2025 1:40 AM IST
തൃശൂർ: പാറമേക്കാവിന്റെ പൂരപ്പന്തലിനു കാൽനാട്ടി. മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗം ഉയർത്തുന്ന പൂരപ്പന്തലിനാണ് കാൽനാട്ടിയത്.
ഇന്നലെ രാവിലെ പാറമേക്കാവ് മേൽശാന്തി കാരേരക്കാട്ട് രാമൻ നന്പൂതിരിയുടെയും കീരംപിള്ളി വാസുദേവൻ നന്പൂതിരിയുടെയും കാർമികത്വത്തിൽ ഭൂമിപൂജ നടത്തിയശേഷമായിരുന്നു പന്തൽകാൽനാട്ട്. ദേവസ്വം ഭാരവാഹികളും തട്ടകക്കാരും പൂരപ്രേമികളും ചേർന്നു കാൽനാട്ടു നടത്തിയപ്പോൾ ആഹ്ലാദസൂചകമായി ആർപ്പുവിളികളുയർന്നു.
മുൻമന്ത്രി വി.എസ്. സുനിൽകുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡന്റ് ജി. വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി പി.വി. നന്ദകുമാർ, കണ്‍വീനർ കെ. ഉണ്ണികൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്കൽസിലെ സി. ബൈജുവാണ് പന്തൽ നിർമിക്കുന്നത്. പാറമേക്കാവിനുവേണ്ടി ബൈജു ഇത് അഞ്ചാംവർഷമാണ് പൂരപ്പന്തൽ നിർമിക്കുന്നത്. പകൽസമയത്തെ രൂക്ഷമായ ചൂട് കണക്കിലെടുത്ത് പരമാവധി പന്തൽപണികൾ രാത്രിയിൽ നടത്താനാണ് തീരുമാനം.