വിഷുക്കണി ദർശനം; കണ്ണനെ കാണാൻ വൻ ഭക്തജനത്തിരക്ക്
1542836
Wednesday, April 16, 2025 1:27 AM IST
ഗുരുവായൂർ: വിഷുപ്പുലരിയിൽ ദർശന പുണ്യം തേടി ആയിരങ്ങൾ ക്ഷേത്രത്തിലെത്തി. കണ്ണനെ കൺ കുളിർക്കെ കണ്ട് ഭക്തർ ദർശന സായൂജ്യം നേടി.
വിഷുദിനമായ ഇന്നലെ പുലർച്ചെ 2.45 മുതൽ 3.45 വരെയായിരുന്നു വിഷുക്കണി ദർശനം. മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി അദ്ദേഹത്തിന്റെ മുറിയിൽ കണി കണ്ടശേഷം പുലർച്ചെ രണ്ടോടെ ശ്രീലക വാതിൽ തുറന്ന് നാളികേര മുറിയിൽ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായുരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വർണ സിംഹാസനത്തിൽ വച്ചിരുന്നു. ഇതിന് തഴെയായി ശാന്തിയേറ്റ കീഴ്ശാന്തിമാർ ചേർന്ന് ഓട്ടുരുളിയിൽ കണിക്കോപ്പ് ഒരുക്കിയിരുന്നു.
പുലർച്ചെ 2.45 മുതൽ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു. ആദ്യം ദർശനത്തിനെത്തിയവർക്ക് മേൽശാന്തി വിഷുകൈനീട്ടവും നൽകി.
ശ്രീലകത്തിനു പുറമേ നമസ്കാരം മണ്ഡപത്തിലും കണി ഒരുക്കിയിരുന്നു. കണിദർശനം അവസാനിച്ചതോടെ വാകചാർത്തും അഭിഷേകവുമടക്കമുള്ള പതിവ് പൂജകൾ ആരംഭിച്ചു. കണി ദർശനത്തിന് ശേഷവും ഭക്തജന തിരക്ക് തുടർന്നു. ക്ഷേത്രത്തിൽ സമ്പൂർണ നെയ് വിളക്കായാണ് വിഷു വിളക്ക് ആഘോഷിച്ചത്. രമേശ് ചെന്നിത്തല, എഡിജിപി എം.ആർ. അജിത്കുമാർ, വ്യവസായി രവി പിള്ള തുടങ്ങിയ പ്രമുഖർ ദർശനത്തിനെത്തി. വിഷു സദ്യക്കും ആയിരങ്ങൾ പങ്കെടുത്തു.