പടക്കംപൊട്ടിച്ചതിനെതുടർന്ന് ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
1542845
Wednesday, April 16, 2025 1:27 AM IST
കയ്പമംഗലം: പടക്കംപൊട്ടിച്ചതിനെ തുടർന്നുണ്ടായ അക്രമസംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കയ്പമംഗലം പുന്നയ്ക്കച്ചാൽ മാടത്തിങ്കൽ വീട്ടിൽ ലാലു(53), കയ്പമംഗലം കൈതവളപ്പിൽ വീട്ടിൽ അക്ഷയ് (20) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പതിമൂന്നിന് രാത്രി 10 മണിയോടെ അക്ഷയും സുഹൃത്ത് ആദിത്യനും ബീച്ചിന് സമീപം പടക്കംപൊട്ടിച്ചതിന്റെ വിരോധത്തിൽ ലാലു അക്ഷയെയും ആദിത്യനെയും പിടിച്ചുതള്ളുകയും ലാലുവിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ആദിത്യനെ മർദിക്കുകയും ചെയ്തു.
തുടർന്ന് ലാലു തൊട്ടടുത്തുള്ളവീട്ടിൽനിന്നു കത്തിയുമായിവന്ന് വീശുകയും അക്ഷയുടെ ഷോൾഡറിൽ ഗുരുതരമായ പരിക്കുപറ്റുകയുമായിരുന്നു. തടയാൻവന്ന ആദിത്യന്റെ കഴുത്തിൽവെട്ടി ഗുരുതരപരിക്കേൽപ്പിക്കുകയുംചെയ്തു. ലാലുവിനെ മര്‍ദിക്കുകയും ലാലുവിന്റെ ഭാര്യയെ ചവിട്ടുകയും ചെയ്ത സംഭവത്തിലാണ് അക്ഷയ് അറസ്റ്റിലായത്.
കയ്പമംഗലം സിഐ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജൈസൺ, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫിസർ അൻവറുദ്ദീൻ, സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, ശ്യാംകുമാർ, ഗില്‍ബട്ട് ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.