കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ രക്തബാങ്ക് ആരംഭിക്കുന്നു
1543196
Thursday, April 17, 2025 1:40 AM IST
കൊടുങ്ങല്ലൂർ: രക്തഘടകങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉൽപ്പടെ ഏറ്റവും ആധുനിക രീതിയിലുള്ള രക്ത ബാങ്ക് കൊടുങ്ങല്ലൂർ ക്രാഫ്റ്റിൽ പ്രവർത്തനം ആരംഭിക്കുന്നു.
ക്രാഫ്റ്റ് രക്തബാങ്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത നിർവഹിക്കും. ക്രാഫ്റ്റ് ആശുപത്രി ഗ്രൂപ്പ് ചെയർമാൻ ഡോ. സി. മുഹമ്മദ് അഷറഫ് അധ്യക്ഷനാകും.
രണ്ട് കോടിയോളം രൂപ മുതൽമുടക്കിയാണ് ബ്ലഡ് ബാങ്ക് സജ്ജീകരിച്ചിട്ടുള്ളതെന്ന് ക്രാഫ്റ്റ് ആശുപത്രി ഗ്രൂപ്പ് സിഇഒ ഡോ. ജോയ് ഇന്നസെന്റ്്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി ജയരാജ്, ഗൈനക്കോളജി വിഭാഗം ഉപ മേധാവി ഡോ. അലീഷ ഷഫ്ജീർ, ബ്ലഡ് ബാങ്ക് മാനേജർ സഞ്ജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചാവക്കാട് മുതൽ വരാപ്പുഴ വരെയുള്ള തീരദേശ മേഖലയിൽ ഇത്രയും വിപുലമായ ഒരു രക്തബാങ്ക് ഇതാദ്യമാണ്.
രക്തഘടകങ്ങൾ വേർതിരിക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനം സമൂഹത്തിന് ഒരു മുതൽകൂട്ടാണ്. ഒരാൾ രക്തം ദാനം ചെയ്യുമ്പോൾ അത് കുറഞ്ഞത് നാലു ഘടകങ്ങൾ ആയി വേർതിരിക്കപ്പെടുകയും അങ്ങനെ നാലു പേർക്ക് ഒരേ സമയം ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ഏകദേശം 600 യൂണിറ്റ് രക്തം ഒരേസമയം സൂക്ഷിക്കുവാനുള്ള രക്ത ബാങ്കാണ് സജ്ജീകരിച്ചിരിക്കുന്നത്.
അപൂർവ രക്തഗ്രൂപ്പുകൾ ശേഖരിക്കുന്നതിനും ദാതാക്കളെ രക്തം നൽകുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും വിവിധതരം കാമ്പയിനുകൾ ആവിഷ്കരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് രക്ത ബാങ്കിന്റെ പ്രവർത്തനം. ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിൽ ദേശീയ പാതക്കരികിലുള്ള പഴയ കെ.ജെ. ആശുപത്രി കെട്ടിടത്തിൽ ആണ് ബ്ലഡ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു.