ചാലക്കുടി നഗരസഭ: 22.11 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
1543476
Friday, April 18, 2025 12:34 AM IST
ചാലക്കുടി: നഗരസഭയുടെ 2025-26 വാർഷികപദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതിയോഗം അംഗീകാരംനൽകി.
വിവിധ മേഖലകളിലായി 22,11,28,666 രൂപയുടെ 143 പദ്ധതികൾക്കാണ് അംഗീകാരംലഭിച്ചത്. വികസന ഫണ്ട് 5.93 കോടി, പട്ടികജാതി വികസന ഫണ്ട് 1.70 കോടി, ധനകാര്യ കമ്മീഷൻ അടിസ്ഥാന ഫണ്ട് 1.91 കോടി, ധനകാര്യ കമ്മീഷൻ ടൈഡ്ഫണ്ട് 2.87 കോടി, റോഡ് മെയിന്റനൻസ് ഫണ്ട് 5.59 കോടി, നോൺറോഡ് ഫണ്ട് 3.01 കോടി രൂപയും ഉൾപ്പെടുന്ന പദ്ധതികൾക്കാണ് അംഗീകാരംലഭിച്ചത്.
ചാലക്കുടിയിലെ എല്ലാ മേഖലകളിലും വികസന പദ്ധതികൾ എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം, കായികം ഒരുകോടി, ആരോഗ്യം മൂന്നുകോടി, മാലിന്യ നിർമാർജനം, ശുചിത്വം 3.5 കോടി, പട്ടികജാതിക്ഷേമം 1.72 കോടി, ഭവനനിർമാണം 2.60 കോടി, സാമൂഹികക്ഷേമം 1.20 കോടി, റോഡ് വികസനം ആറുകോടി, കൃഷി- മൃഗസംരക്ഷണം- മത്സ്യം ഒരുകോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.
രാസലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ‘ചാലക്കുടിയുടെ നന്മലഹരി’ എന്ന പദ്ധതിയിൽ, വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഊന്നൽനൽകി കലാ-കായിക- വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ചാലക്കുടിയിലെ റെയിൽവേ സ്റ്റേഷൻ റോഡ് ട്രാംവെ റോഡുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡിന് കഴിഞ്ഞവർഷം പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 40 ലക്ഷത്തിനുപുറമേ ഈ വർഷത്തെ പദ്ധതിയിലും തുക വകയിരുത്തിയിട്ടുണ്ട്.
നഗരസൗന്ദര്യവത്കരണം, താലൂക്ക് ആശുപത്രിവികസനം, പൊതുതോടുകളുടേയും കാനകളുടേയും നവീകരണം, അങ്കണവാടി, പകൽവീട് നിർമാണം തുടങ്ങിയ പദ്ധതികളും അംഗീകാരം ലഭിച്ചതായി ചെയർമാൻ ഷിബു വാലപ്പൻ അറിയിച്ചു.