സർക്കാർ നെൽകർഷകരെ വലയ്ക്കുന്നു: അഡ്വ. ജോസഫ് ടാജറ്റ്
1542828
Wednesday, April 16, 2025 1:27 AM IST
അയ്യന്തോൾ: തൊടുന്യായങ്ങൾ നിരത്തി നെല്ലുസംഭരണം യഥാസമയം നടത്താതെ സർക്കാർ നെൽകർഷകരെ വലയ്ക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. നെല്ലുസംഭരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പതിരു കൂടുതലാണെന്നും ഈർപ്പമുണ്ടെന്നുംപറഞ്ഞ് ശേഖരിക്കുന്ന നെല്ലിനു തൂക്കത്തിൽ കുറവ് ആവശ്യപ്പെടുകയാണ്. കൂടാതെ സപ്ലൈകോ ഒരു ക്വിന്റൽ നെല്ലിന് 64 കിലോയ്ക്കു പകരം 68കിലോ ആവശ്യപ്പെടുന്നുവെന്നുപറഞ്ഞ് മറ്റു കിഴിവുകൾക്കും കർഷകരെ നിർബന്ധിക്കുന്നു. നാലുവർഷമായി താങ്ങുവില കൂട്ടിനൽകിയിട്ട്. എല്ലാം പരിശോധിച്ചാണു സർക്കാർ 28.32 രൂപ നൽകുന്നത്. അതുതന്നെ കുറവായി കർഷകർ ജീവിക്കാനായി പാടുപെടുമ്പോഴാണ് തൂക്കത്തിൽ കുറവുചോദിച്ച് കർഷകരെ വലയ്ക്കുന്നത്. കർഷകന്റെ കണ്ണീർ കാണാൻ ഇനിയെങ്കിലും അധികൃതർ തയാറാകണമെന്നു ജോസഫ് ടാജറ്റ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബൈജു വർഗീസ്, സിജോ കടവിൽ, ഫ്രാൻസീസ് ചാലിശേരി തുടങ്ങിയവർ പങ്കെടുത്തു.