കൃഷിഭൂമിക്കായി നിരാഹാരം ; വൃദ്ധദന്പതികളെ ആശുപത്രിയിലേക്കു മാറ്റി
1543470
Friday, April 18, 2025 12:34 AM IST
വടക്കാഞ്ചേരി: പരന്പരാഗത കൃഷിഭൂമി കളിസ്ഥലമായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ അക്രമം നടത്തിയതിനെത്തുടർന്ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ച ആറംഗ കുടുംബത്തിലെ വൃദ്ധദന്പതികളെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ചെപ്പാറ സ്വദേശി വടക്കേചിറയിൽ ജോസഫിനെയും ഭാര്യ മോളിയെയുമാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ത്രീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയത്. ഇവരുടെ മകൻ ജോബിയും മൂന്നു കുട്ടികളും സമരം തുടരുകയാണ്.
സമരംചെയ്യുന്ന കുടുംബത്തിനു പിന്തുണയുമായി കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും നേതാക്കളും സ്ഥലം സന്ദർശിച്ചു. നിയമപരമായ രേഖകൾ കൈവശമുള്ള കർഷകനുനേരെ അതിക്രമത്തിനൊരുങ്ങുന്ന സിപിഎം തങ്ങൾക്കു താൽപര്യമുള്ളവരെ സംരക്ഷിക്കുകയും അല്ലാത്തവർക്കെതിരേ ഗുണ്ടായിസം നടത്തുകയുമാണെന്ന് രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, ജയൻ മംഗലം, കെ.കെ. അബൂബക്കർ, ഫിലിപ്പ് ജേക്കബ് എന്നിവരും സന്ദർശിച്ചു.