സര്‍വീസ് റോഡരികിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു
1543473
Friday, April 18, 2025 12:34 AM IST
കൊടകര: ദേശീയപാതയിലെ പേരാമ്പ്ര അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സര്‍വിസ് റോഡരികില്‍ നിര്‍മിച്ച കാനയുടെ മുകളിലെ സ്ലാബുകളിലൊന്ന് തകര്‍ന്നത് യാത്രക്കാര്‍ക്ക് അപകടഭീഷണിയായി.
ചാലക്കുടി ഭാഗത്തക്കുള്ള പാതയില്‍ പേരാമ്പ്ര പെട്രോള്‍പമ്പ് കഴിഞ്ഞുള്ള ഭാഗത്താണ് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നിട്ടുള്ളത്. അടിപ്പാത നിര്മാണംനടക്കുന്നതിനാല് വാഹനഗതാഗതം ഇവിടെ പൂര്‍ണമായും സര്‍വിസ് റോഡിലൂടെയാണ് തിരിച്ചുവിട്ടിട്ടുള്ളത്. സര്‍വിസ് റോഡിന് സമാന്തരമായി നിര്‍മിച്ചിട്ടുള്ള കാനയ്ക്കു മുകളിലൂടെ വാഹനങ്ങള്‍ നിരന്തരമായി കടന്നുപോകുന്നതാണ് സ്ലാബ് ഇടിയാന്‍ ഇടയാക്കിയത്. ഒരാഴ്ചമുമ്പ് മറ്റൊരു കോണ്‍ക്രീറ്റ് സ്ലാബും ഇത്തരത്തില്‍ തകര്‍ന്നു. അധികൃതര്‍ പിന്നീട് ഇതു മാറ്റിസ്ഥാപിച്ചു. ഇപ്പോള്‍ തകര്‍ന്നിട്ടുള്ള സ്ലാബ് അടിയന്തരമായി മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ ഇരുചക്രവാഹനയാത്രക്കാര് അപകടത്തില്പെടാനിടയുണ്ട്.