ചെപ്പാറയിൽ കൃഷിഭൂമി പിടിച്ചെടുക്കാൻ അക്രമം; കർഷകകുടുംബം നിരാഹാരസമരത്തിൽ
1542832
Wednesday, April 16, 2025 1:27 AM IST
വടക്കാഞ്ചേരി: 1976നു മുന്പുമുതൽ പരന്പരാഗതമായി കൃഷി ചെയ്തുവരുന്ന ഭൂമി കളിസ്ഥലമായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമവും കൈയേറ്റവുമെന്നു കുടുംബത്തിന്റെ പരാതി.
ചെപ്പാറയ്ക്കു സമീപം വടക്കേടത്ത് ചിറയിൽവീട്ടിൽ ജോസഫിന്റെ കൈവശഭൂമിയിലാണ് ഇന്നലെ രാവിലെ അക്രമം അരങ്ങേറിയത്. അക്രമത്തിൽ പ്രതിഷേധിച്ച് പത്തുവയസിനുതാഴെയുള്ള മൂന്നു കുട്ടികളക്കം ആറംഗകുടുംബം കൃഷിഭൂമിയിൽ അനിശ്ചിതകാലനിരാഹാരസമരം തുടങ്ങി. വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകുംവരെ നിരാഹാരസമരം തുടരുമെന്ന് ജോസഫിന്റെ മകൻ ജോബി ദീപികയോടു പറഞ്ഞു.
കോടതി ഉത്തരവുപ്രകാരം സംരക്ഷിതവേലി കെട്ടുന്നതിനിടയിലാണ് സംഘടിച്ചെത്തിയവർ അക്രമം അഴിച്ചുവിട്ടത്. ജോസഫിനെയും കുടുംബത്തെയും കൈയേറ്റംചെയ്ത് കാർഷിക ഉപകരണങ്ങൾ നശിപ്പിക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോബിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ വിളിച്ചെങ്കിലും വൈകിയെത്തിയ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് തങ്ങൾക്കു സംരക്ഷണം നൽകുന്നതിനു പകരം അക്രമികൾക്കൊപ്പം നിൽക്കുകയായിരുന്നുവെന്നു കുടുംബം ആരോപിച്ചു.
സമരം നടത്തുന്ന വൃദ്ധനായ ജോസഫിനും കുടുംബത്തിനും ജീവനു ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും സംഭവമുണ്ടായാൽ സിപിഎം നേതൃത്വവും പോലീസും മറുപടി പറയേണ്ടിവരുമെന്ന് സ്ഥലം സന്ദർശിച്ച വടക്കാഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മുന്നറിയിപ്പു നൽകി.
ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ, തെക്കുംകര മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ജെയ്സണ് മാത്യു, യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിസന്റ് ഒ. ശ്രീകൃഷ്ണൻ, നേതാക്കളായ ജയൻ മംഗലം, ഫിലിപ് ജേക്കബ്, കെ.കെ. അബൂബക്കർ, ജോണി ചിറ്റിലപ്പിള്ളി, ജോഷി കല്ലേയിൽ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് സ്ഥലം സന്ദർശിച്ചത്.