കാത്തിരിപ്പിനു വിരാമം; തൃപ്രയാറിൽ പുതിയ പാലം നിർമാണം ഉടൻ
1543466
Friday, April 18, 2025 12:34 AM IST
തൃപ്രയാർ: തൃപ്രയാറിൽ പുതിയ പാലത്തിന്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കും. പുതിയ പാലത്തിനു കോസ്റ്റൽ റെഗുലേഷൻ സോണിന്റെ(സിആർസെഡ്) അനുമതി ലഭിച്ചതിനെത്തുടർന്നാണ് പാലംപണി ആരംഭിക്കുന്നത്. കിഫ്ബി സഹായത്തോടെയാണു പാലം നിർമിക്കുക. 2016-17ലെ സംസ്ഥാന ബജറ്റിൽ 28.423 കോടി രൂപയാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്. സി.സി. മുകുന്ദൻ എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് സിആർസെഡ് അനുമതി ലഭിച്ചത്.
കനോലി കനാലിനു കുറകെ നിർമിക്കുന്ന പാലത്തിന് 200.48 മീറ്ററാണു നീളം. 11.050 മീറ്റർ വീതി. വാഹനഗതാഗതത്തിന് 7.5 മീറ്ററും നടപ്പാതയ്ക്ക് 1.50 മീറ്ററും വീതിയുണ്ടാകും. നാട്ടിക പഞ്ചായത്തിലെ 93 മീറ്ററും താന്ന്യം പഞ്ചായത്തിലെ 73 മീറ്ററും അപ്രോച്ച് റോഡുണ്ടാകും. നാട്ടിക വില്ലേജിൽ 19 സെന്റും താന്ന്യം വില്ലേജിൽ 25 സെന്റും ഭൂമി ഇതിനായി ഏറ്റെടുത്തു. നിലവിലെ പാലത്തിന്റെ വടക്കുഭാഗത്തായാണ് പുതിയ പാലം നിർമിക്കുന്നത്.
ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ പാലത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്.
തൃപ്രയാർ - ചേർപ്പ് - തൃശൂർ സംസ്ഥാനപാതയിലെ പ്രധാന പാലമാണ് തൃപ്രയാർ പാലം. ദിവസവും നിരവധി സ്വകാര്യ ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പാലമാണിത്.