വീടെന്ന സ്വപ്നം യാഥാർഥ്യമായി
1542840
Wednesday, April 16, 2025 1:27 AM IST
ഗുരുവായൂർ: സർക്കാരിന്റെ പിഎംഎവൈ ഭവനപദ്ധതിയിലെ തുകയും വാർഡ് കൗൺസിലറുടെ ഇടപെടലും കൂടി ആയതോടെ നിർധന കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർഥ്യമായി. മമ്മിയൂർ പടിഞ്ഞാറെനടയിലെ കസ്തൂർബ ബാലികസദനം റോഡിലെ പെരിങ്ങാടൻ കൃഷ്ണനും ഭാര്യ പ്രസന്നകുമാരി, ഓട്ടിസം ബാധിച്ച മകൻ ഹരികൃഷ്ണൻ എന്നിവർക്കാണ് പുതിയ വീട് നിർമിച്ച് നൽകിയത്.
വിഷുദിനത്തിൽ കുടുംബം പുതിയ വീട്ടിൽ താമസം തുടങ്ങി. 15-ാം വാർഡ് കൗൺസിലർ രേണുക ശങ്കർ, വാർഡിലെ താമസക്കാരിയും എൻജിനീയറുമായ നിഷ വർമ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ തുകക്കൊപ്പം സുമനസുകളുടെ സഹകരണത്തോടെയാണ് വീടു നിർമാണത്തിന് ആവശ്യമായ ബാക്കി തുക കണ്ടെത്തിയത്.
പിഎംഎവൈ പദ്ധതിയിൽ നാലു ലക്ഷമാണ് ലഭിക്കുക. ഇതിന് പുറമെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി 31000 രൂപയും ലഭിക്കും. 3.60 ലക്ഷം നഗരസഭ കൈമാറി. വീടിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയാൽ അവസാന ഗഡു ലഭിക്കും.
എട്ട് ലക്ഷം ചെലവിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചിട്ടുള്ളത്. വിഷു ദിനത്തിൽ പുതിയ വീട്ടിലേക്ക് മാറാനായ സന്തോഷത്തിലാണ് കൃഷ്ണനും കുടുംബവും.