ചുമട്ടുതൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതികളിൽ ഒരാൾ അറസ്റ്റിൽ
1543469
Friday, April 18, 2025 12:34 AM IST
വലപ്പാട്: തൃപ്രയാർ സെന്ററിൽ കഴിഞ്ഞദിവസം ചുമട്ടുതൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. താന്ന്യം ചക്കമലത്ത് റോഷൻ(26) നെയാണ് വലപ്പാട് പോലീസ് താന്ന്യത്തുവച്ച് അറസ്റ്റ് ചെയ്തത്. ചുമട്ടുതൊഴിലാളി നാട്ടിക സ്വദേശി നന്പെട്ടി വീട്ടിൽ രാധാകൃഷ്ണ(56)നെയാണ് ഇരുന്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുമാസംമുന്പ് തൃപ്രയാറിൽ നടന്ന അടിപിടിക്കേസിൽ രാധാകൃഷ്ണന്റെയും സുഹൃത്തിന്റെയും പരാതിയിൽ വലപ്പാട് പോലീസ് റോഷനെതിരേ കേസെടുത്തിരുന്നു. ആ സംഭവത്തിന്റെ വൈരാഗ്യത്താലാണു റോഷനും സായ്രാജും മറ്റു രണ്ടുപേരുംചേർന്ന് കഴിഞ്ഞദിവസം രാവിലെ രാധാകൃഷ്ണനെ തൃപ്രയാർ സെന്ററിൽ വച്ച് ആക്രമിച്ചത്.
ഇരുന്പുവടികൊണ്ടും മരത്തിന്റെ കന്പുകൊണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാധാകൃഷ്ണന്റെയും ഷിബുവിന്റെയും ബൈക്കുകളും അക്രമികൾ തല്ലിത്തകർത്തു. മറ്റുള്ളവർ എത്തുന്പോഴേക്കും ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ. എബിൻ, പി.ജി., സദാശിവൻ, എഎസ്ഐ ഭരതനുണ്ണി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സോഷി, സുനിഷ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.