കോർപറേഷന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
1543177
Thursday, April 17, 2025 1:40 AM IST
തൃശൂർ: കോർപറേഷന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്നു നടക്കും. അത്യാധുനികസൗകര്യങ്ങളോടെ 5.50 കോടി രൂപ ചെലവിൽ നിർമിച്ച പനംകുറ്റിച്ചിറയിലെ ഒല്ലൂർ മേഖലാ ഓഫീസ് രാവിലെ 10 നു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. അടുത്ത ഘട്ടത്തിൽ മാർക്കറ്റും ഷോപ്പിംഗ് കോംപ്ലക്സും ടൗണ്‍ഹാളും മേഖലാ കാര്യാലയത്തിന്റെ ഭാഗമാകുമെന്നും മേയർ എം.കെ. വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച പൂത്തോൾ ബിഎംബിസി റോഡിന്റെ സമർപ്പണം വൈകീട്ട് 4.30 നും പുനരുദ്ധാരണം പൂർത്തീകരിച്ച നെട്ടിശേരി പനഞ്ചകം ചിറയുടെ സമർപ്പണം വൈകീട്ട് 5.30 നും മന്ത്രി കെ. രാജൻ നിർവഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ കരാറുകാരനെ ആദരിക്കും. പനഞ്ചകം ചിറയിലെ അവധിക്കാല നീന്തൽ പരിശീലനവും എംഎൽഎ ഉദ്ഘാടനം ചെയ്യും.
നിർമാണം പുരോഗമിക്കുന്ന കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോണ്‍ക്രീറ്റിംഗും അനുബന്ധനിർമാണ പ്രവർത്തനങ്ങളും പൂരത്തിനുമുൻപേ പൂർത്തീകരിക്കുമെന്നും മേയർ അറിയിച്ചു.
ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ് സണ്‍, കരോളിൻ ജെറീഷ് പെരിഞ്ചേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പെസഹാദിനത്തിലെ ഉദ്ഘാടനങ്ങൾ;
ബഹിഷ്കരിക്കുമെന്നു കോണ്‍ഗ്രസ്
തൃശൂർ: പെസഹാദിനമായ ഇന്ന് കോർപറേഷന്റെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്.
ക്രൈസ്തവരുടെ പുണ്യദിനമായ പെസഹാദിനവും ദുഃഖവെള്ളിയും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടും കോർപറേഷൻ വിവിധ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതും മന്ത്രി മാർ അതിന് അനുവാദം നൽകിയതും അംഗീകരിക്കാൻ കഴിയില്ലെന്നും ഉദ്ഘാടനം മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലനും ഉപനേതാവ് ഇ.വി. സുനിൽരാജും പറഞ്ഞു. ചടങ്ങുകൾ ബഹിഷ്കരിക്കുമെന്നും ഇവർ പറഞ്ഞു.
ഒല്ലൂർ സോണൽ ഓഫീസ് കെട്ടിടംപണി പൂർത്തീകരിച്ച് മാസങ്ങളോളം പൂട്ടിയിട്ട നിലയിലായിരുന്നു. കൗണ്‍സിൽ യോഗങ്ങളിലും മാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നപ്പോഴാണ് എൽഡിഎഫ് ഭരണനേതൃത്വം ഉദ് ഘാടത്തിനുതന്നെ തയാറായത്.
എന്നാൽ പണി പൂർത്തീകരിച്ച് മാസങ്ങളോളം പൂട്ടിയിട്ട കെട്ടിടം പെസഹാവ്യാഴാഴ്ച തന്നെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചതു സമൂഹത്തോടുള്ള അനീതിയാണെന്നും ഈസ്റ്റർ കഴിഞ്ഞുള്ള ദിവസങ്ങളിൽ മേയർക്കും സംഘങ്ങൾക്കും ടൂർ പോകുന്നതിനുവേണ്ടിയാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഞാനും ക്രിസ്ത്യാനി, ഏതു ദിനമാണ്
പ്രധാനമെന്ന് അറിയാം: മേയർ
തൃശൂർ: കോർപറേഷന്റെ വികസനപ്രവർത്തനങ്ങൾക്കെതിരേയുള്ള കോണ്‍ഗ്രസ് ആക്ഷേപം മുഖവിലയ്ക്കെടുക്കുന്നില്ലെന്നു മേയർ എം.കെ. വർഗീസ്. ഞാനും ഒരു ക്രിസ്ത്യാനിയാണെന്നും ദിവസങ്ങളും അവയുടെ പ്രാധാന്യവും തനിക്കറിയാമെന്നും മേയർ പറഞ്ഞു.
ദുഃഖവെള്ളിയും ഈസ്റ്ററുമാണ് പ്രധാനം. അതിൽ ദുഃഖവെള്ളിദിനത്തിൽ ക്രിസ്ത്യാനികളായവർ പൊതുപരിപാടികളോ ആഘോഷങ്ങളോ നടത്താറില്ലെന്നും കോണ്‍ഗ്രസ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.