പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കാതെ അങ്കണവാടി ഉദ്ഘാടനം; യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു
1543191
Thursday, April 17, 2025 1:40 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒൻപതാം നമ്പർ അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കാതെ നടത്തിയതിൽ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം മേയ് 16ന് നടത്താനുള്ള തീരുമാനം ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലെ അജൻഡയിൽ ഉൾപ്പെടുത്തിയതായി തങ്ങളെ അറിയിച്ചതാണെന്നും എന്നാൽ അതിനു വിഭിന്നമായി ഇന്നലെ തന്നെ ഉദ്ഘാടനം നടത്തിയ നടപടി പഞ്ചായത്ത് പ്രസിഡന്റിന്റെ ധാർഷ്ട്യവും ധിക്കാരവുമാണെന്ന് പാർലിമെന്ററി പാർട്ടി ലീഡർ മോളി തോമസ് പറഞ്ഞു. പഞ്ചായത്ത് അറിയാതെ നടത്തിയ ഉദ്ഘാടനത്തിന്റെ ചെലവ് എഴുതി എടുക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ വിയോജനം രേഖപ്പെടുത്തി. യുഡിഎഫ് അംഗങ്ങളായ ഡെയ്സി ഫ്രാൻസിസ്, കെ.സി. മനോജ്, ലിജി അനിൽകുമാർ, ജീജ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പുതിയ കെട്ടിടം പൂർത്തിയായ സാഹചര്യത്തിൽ ഒന്നര വർഷമായി ഇൻഡോർ സ്റ്റേഡിയത്തിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന അങ്കണവാടി അടിയന്തര പ്രാധാന്യത്തോടെ മാറ്റുക മാത്രമായിരുന്നു ലക്ഷ്യമെന്നും മറ്റൊരു ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് പ്രതികരിച്ചു. 15നായിരുന്നു പഞ്ചായത്ത് കമ്മിറ്റി കൂടാൻ ആദ്യം തീരുമാനിച്ചിരുന്നതെന്നും ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിലാണ് ഇന്നലെ നടത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു. അജൻഡയിൽ 16.4.2025ന് പകരം 16.5.2025 എന്നെഴുതിയത് സങ്കേതിക പിഴവ് മാത്രമായിരുന്നെന്നും ഫോണിൽ വിളിച്ച് മുഴുവൻ മെമ്പർമാരെയും ഉദ്ഘാടനം അറിയിച്ചിരുന്നതാണെന്നും പ്രസിഡന്റ്് പറഞ്ഞു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 397 ചതുരശ്രമീറ്റർ വിസ്തൃതിയിൽ അങ്കണവാടി നിർമിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ വികസന ഫണ്ട് 10 ലക്ഷവും 2024-25 ലെ മെയിന്റനൻസ് ഗ്രാന്റ് 5 ലക്ഷം രൂപയാണ് അടുക്കള, സ്റ്റാേർ, ടോയ്ലറ്റ്, ചുറ്റുമതിൽ, മുകൾനിലയിലെ ട്രസ് വർക്ക് തുടങ്ങിയവയ്ക്കായി വിനിയോഗിച്ചത്.