വീട്ടുകാരെയും പോലീസിനെയും ആക്രമിച്ച മൂന്നുപേർ പിടിയിൽ
1543471
Friday, April 18, 2025 12:34 AM IST
പുന്നയൂർക്കുളം: പുന്നൂക്കാവിൽ വീട്ടുപടിക്കൽ കാർനിർത്തി വഴിതടഞ്ഞു മദ്യപിച്ചതു ചോദ്യംചെയ്ത വീട്ടുടമയെയും മകനെയും ആക്രമിക്കുകയും പ്രതികളെ പിടികൂടിയ പോലീസുകാരെ ആക്രമിച്ചു പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്ത എട്ടംഗസംഘത്തിലെ മൂന്നുപേർ പിടിയിലായി. പെരുന്പടപ്പ് ആമയൂർ സ്വദേശികളായ പടിപ്പുരയ്ക്കൽ നൗഷാദ് (34), വെള്ളക്കട സുഗീഷ് (ചിഞ്ചു -36), മണ്ണായിക്കൽ യഹിയ (29) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച്ഒ കെ.അനിൽകുമാർ, എസ്ഐ സാബു, എഎസ്ഐ ബാസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ച ആഡംബര ജീപ്പും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ നൗഷാദ്, സുഗീഷ് എന്നിവരാണു പോലീസിനെ ആക്രമിച്ചത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെ കോറോത്തയിൽ പള്ളിക്കു സമീപം ഷക്കീറിന്റെ വീട്ടുപടിക്കലാണു സംഭവം. ഇവിടെ കാർ നിർത്തിയിട്ടു മാർഗതടസം ഉണ്ടാക്കിയതു ചോദ്യംചെയ്ത ഷക്കീറിനെയും 16കാരനായ മകനെയും സംഘം കൈയേറ്റം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിനെയും ആക്രമിച്ചു.
പോലീസുകാരായ അർജുനന്റെ െ െ കയിൽ കടിക്കുകയും മുഖത്ത് അടിക്കുകയുംചെയ്തു. ഇതിനിടെ കാറിലെത്തിയ മറ്റൊരു സംഘം അക്രമികളെ ബലമായി രക്ഷപ്പെടുത്തി. മൂന്നുപരാതികളിലായാണ് എട്ടുപേർക്കെതിരേ കേസെടുത്തത്. പോലീസുകാരെ ആക്രമിച്ചതിനും പ്രതികളെ രക്ഷപ്പെടുത്തിയതിനും വീട്ടുടമയെ ആക്രമിച്ചതിനുമായാണു മൂന്നു കേസ്.