പിഴിഞ്ഞെടുക്കാൻ കോർപറേഷൻ; പേട്ടക്കാശിൽ കുത്തനേ വർധന വാടകവർധനവിനും വിലക്കയറ്റത്തിനും സാധ്യത
1543183
Thursday, April 17, 2025 1:40 AM IST
തൃശൂർ: അരിയങ്ങാടി, നായരങ്ങാടി മേഖലയിൽ വരുന്ന ചരക്കുവാഹനങ്ങൾക്കു പേട്ടക്കാശ് എന്നപേരിൽ പിരിക്കുന്ന നിരക്ക് കോർപറേഷൻ ക്രമാതീതമായി വർധിപ്പിച്ചതിനെതിരേ ചേംബർ ഓഫ് കൊമേഴ്സ് രംഗത്ത്. കഴിഞ്ഞദിവസംവരെ ചുരുങ്ങിയനിരക്കിൽ നൽകിയിരുന്ന പേട്ടക്കാശ് ഒറ്റയടിക്കു മൂന്നും നാലും ഇരട്ടിയായി ഉയർത്തിയതാണ് പ്രതിഷേധത്തിനു കാരണമായത്.
ഇതുമൂലം ചരക്കുമായി വരുന്ന വാഹനങ്ങൾക്കു ഭീമമായ നഷ്ടം ഉണ്ടാകാൻ ഇടയുള്ളതിനാൽ വാഹനങ്ങളുടെ വാടകവർധനവും സാധനങ്ങൾക്കു വിലവർധനവുമുണ്ടാകും. മാർക്കറ്റിനു പുറത്തുള്ള ഇടങ്ങളിൽ വ്യാപാരം ചെയ്യുന്നവർക്ക് ഇത്തരം ചെലവുകൾ ഇല്ലാത്തതിനാൽ അവരുമായി മത്സരിച്ച് കച്ചവടം ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടാവുമെന്നും മാർക്കറ്റിന്റെ നിലനിൽപ്പിനെത്തന്നെ നിരക്കുവർധന ബാധിക്കുമെന്നും ചേംബർ അറിയിച്ചു.
പുതുക്കിയ നിരക്കുപ്രകാരം മൂന്നുചക്ര വാഹനങ്ങൾക്കു 30 രൂപ, നാലുചക്രം 70 രൂപ, ആറുചക്രം 140 രൂപ, 10 ചക്രം 180 രൂപ, 12 ചക്രം 265, 14 ചക്രം 325 രൂപ,16 ചക്രം 649 രൂപ എന്നിങ്ങനെയാണ് ഇനി കോർപറേഷൻ ഈടാക്കുക.
മാർക്കറ്റിൽ എത്തുന്ന വാഹനങ്ങളിൽനിന്നു മുഴുവൻ ചരക്കുകളും കടകളിൽ ഇറക്കുന്നില്ല എന്നിരിക്കെ കച്ചവടക്കാർക്കും പുതുക്കിയ നിരക്ക് വലിയ തലവേദന സൃഷ്ടിക്കും. അയൽസംസ്ഥാനങ്ങളിൽ നിന്നു മുൻകാലങ്ങളിൽ വന്നിരുന്ന ചരക്കുവാഹനങ്ങൾ അവധിദിവസങ്ങളിൽ ഒന്നിലധികം ദിവസം നിർത്തിയിട്ടു വിശ്രമിച്ചിരുന്നെങ്കിൽ ഇനി ഓരോ ദിവസത്തിനും ഭീമമായ തുക നൽകേണ്ടിവരും.
കഴിഞ്ഞ രണ്ടുമാസങ്ങളിലായി പല റോഡുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നതിനുപിറകെയാണ് ഇടിത്തീ പോലുള്ള പുതിയ നിരക്കുവർധനവെന്നും ഇതു പിൻവലിക്കണമെന്നും ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് കവലക്കാട്ട് ആവശ്യപ്പെട്ടു.