നാളെ പെസഹാ; മറ്റന്നാൾ ദുഃഖവെള്ളി
1542830
Wednesday, April 16, 2025 1:27 AM IST
തൃശൂർ: ലോകമെന്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹാതിരുനാൾ ആചരിക്കുകയാണ്. ക്രിസ്തുനാഥൻ വിശുദ്ധ കുർബാന സ്ഥാപിച്ച ദിനമാണ് പെസഹാ. "പെസഹാ' എന്ന വാക്കിന്റെ അർഥം "കടന്നുപോകൽ' എന്നാണ്. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്നും ഇസ്രായേൽ ജനത്തെ ദൈവം രക്ഷിച്ച കഥ അനുസ്മരിക്കുന്നതായിരുന്നു അന്നുവരെ പെസഹ.
പഴയനിയമത്തിന്റെ തുടർച്ചയെന്നോണം ശിഷ്യരുമൊത്ത് പെസഹാ അപ്പം മുറിക്കാനായി ഇരുന്ന ക്രിസ്തു പതിവിൽനിന്നു വിഭിന്നമായി അപ്പവും വീഞ്ഞുനിറച്ച കാസയും എടുത്ത് "ഇതെന്റെ ശരീരവും രക്തവുമാകുന്നു; നിങ്ങൾ ഇതുവാങ്ങി ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുവിൻ' എന്നരുൾചെയ്തു. ഈ വിശുദ്ധകുർബാനസ്ഥാപനത്തിന്റെ തിരുനാളാണ് നാളെ. യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ അത്യുദാത്തമാതൃക തീർത്തതും പെസഹാദിനത്തിലാണ്. ഈ രണ്ട് ഒാർമകളും ലോകമെന്പാടുമുള്ള ക്രൈസ്തവർ നാളെ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യും.
സീറോ മലബാർ - മലങ്കര സഭകളിൽ രാവിലെയും ലത്തീൻ സഭയിൽ വൈകീട്ടുമാണ് തിരുക്കർമങ്ങൾ. വിശുദ്ധ കുർബാന സ്ഥാപനദിനമായതിനാൽ രാവിലെ മുതൽ വൈകീട്ടുവരെ അഖണ്ഡ ആരാധനയും രാത്രി പൊതു ആരാധനയും അപ്പംമുറിക്കൽ ശുശ്രൂഷയും നടക്കും. ലത്തീൻ സഭയിൽ അർധരാത്രിവരെ ആരാധന നടക്കും.
യേശുക്രിസ്തു ഗാഗുൽത്തായിലെ കുരിശിൽ ജീവൻ വെടിഞ്ഞ് ലോകത്തെ മുഴുവൻ പാപത്തിൽനിന്നും രക്ഷിച്ചുവെന്നാണ് ക്രൈസ്തവവിശ്വാസം. ഇതിന്റെ ഒാർമയാണ് ദുഃഖവെള്ളി ആചരണം. രാവിലെ ദേവാലയങ്ങളിൽ പീഡാനുഭവ ചരിത്രവായന ഉൾപ്പടെയുള്ള തിരുക്കർമങ്ങൾ നടക്കും. വൈകീട്ട് പീഡാനുഭവപ്രദക്ഷിണം, നഗരികാണിക്കൽ ശുശ്രൂഷ, പീഡാനുഭവസന്ദേശം എന്നിവ ഉണ്ടായിരിക്കും. ലത്തീൻ സഭയിൽ വൈകീട്ടാണു പീഡാനുഭവ ചരിത്രവായന ഉൾപ്പടെയുള്ള തിരുക്കർമങ്ങൾ. രാത്രി പത്തരയോടെ കബറടക്കവും നടക്കും.
വലിയ ആഴ്ചയിലെ ദിനങ്ങളിൽ വിശ്വാസികൾ മലയാറ്റൂർ, കനകമല എന്നിവിടങ്ങളിലേക്കു പാപപരിഹാരയാത്രയും നടത്താറുണ്ട്.
തൃശൂർ ലൂർദ് കത്തീഡ്രലിൽ
പെസഹാദിനത്തിൽ രാവിലെ 6.30 ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയ്ക്കു സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഒന്പതുമുതൽ രാത്രി 7.30 വരെ ആരാധന. ഏഴരയ്ക്കു പൊതു ആരാധന. എട്ടിന് പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷ.
ദുഃഖവെള്ളിയാഴ്ച രാവിലെ ആറിന് ആരാധന. 6.30 ന് പീഡാനുഭവചരിത്രവായന, തിരുക്കർമങ്ങൾ എന്നിവയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് നഗരികാണിക്കൽ പ്രദക്ഷിണവും കുരിശിന്റെ വഴിയും. ഫാ. ഷിജോ ചിരിയങ്കണ്ടത്ത് പീഡാനുഭവദിന സന്ദേശം നൽകും.
വ്യാകുലമാതാവിൻ
ബസിലിക്കയിൽ
പെസഹാദിനത്തിൽ രാവിലെ 6.30 ന് വിശുദ്ധ കുർബാന, കാൽകഴുകൽശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഒന്പതുമുതൽ രാത്രി ഏഴുവരെ ആരാധന. ഏഴിന് പൊതു ആരാധന. എട്ടിന് പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷ, നാടകം.
ദുഃഖവെള്ളിയാഴ്ച രാവിലെ 6.30 ന് പീഡാനുഭവചരിത്രവായന, തിരുക്കർമങ്ങൾ എന്നിവയ്ക്ക് സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും. വൈകീട്ട് 4.30 ന് ഫാ. ഡേവിസ് വിതയത്തിൽ ഒഎഫ്എം കപ്പൂച്ചിൻ പീഡാനുഭവദിനസന്ദേശം നൽകും. തുടർന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിലൂടെ നഗരികാണിക്കൽ പ്രദക്ഷിണവും കുരിശിന്റെ വഴിയും.
ഇരിങ്ങാലക്കുട
സെന്റ്് തോമസ് കത്തീഡ്രലില്‍
പെസഹാദിനത്തിൽ രാവിലെ ഏഴിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ നടക്കും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് ഒമ്പതുമുതല്‍ രാത്രി ഏഴുവരെ ആരാധന. രാത്രി ഏഴിന് പൊതു ആരാധന, എട്ടിന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.
ദുഃഖവെള്ളിദിനത്തില്‍ രാവിലെ ആറിന് ആരാധന, ഏഴിന് പീഡാനുഭവശുശ്രൂഷ. ഉച്ചതിരിഞ്ഞ് മൂന്നിനു പീഡാനുഭവസന്ദേശം, നഗരികാണിക്കല്‍ ശുശ്രൂഷ എന്നിവയ്ക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ
പെസഹാദിനത്തിൽ രാവിലെ 7.30 ന് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായുള്ള തൈലപരികർമബലി. വൈകീട്ട് 5.30 ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ തിരുവത്താഴപൂജ, പാദക്ഷാളനകർമം. ഫാ. ജൊവാക്കിം കുഞ്ഞുമോൻ കണ്ണങ്കേരിൽ വചനസന്ദേശം നൽകും. തുടർന്ന് അർധരാത്രി 12 വരെ ആരാധന.
ദുഃഖവെള്ളിദിനത്തില്‍ വൈകീട്ട് അഞ്ചിന് പീഡാനുഭവവായന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കൽ എന്നീ തിരുക്കർമങ്ങൾക്ക് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോബി ജോസഫ് ആര്യഞ്ചേരി പീഡാനുഭവസന്ദേശം നൽകും.
തൃശൂർ മാർത്ത് മറിയം
വലിയ പള്ളിയിൽ
പെസഹാദിനത്തിൽ രാവിലെ ഏഴിന് ധ്യാനപ്രസംഗം. 8.30ന് മൽക്യ കൂദാശ. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 2.15ന് കാൽകഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന, പെസഹാ ഉൗട്ട്.
ദുഃഖവെള്ളിദിനത്തില്‍ രാവിലെ ആറിന് കുരിശുചായ്ക്കൽ ശുശ്രൂഷ. ഏഴിനു പ്രാർഥനയും ധ്യാനപ്രസംഗവും. ഉച്ചതിരിഞ്ഞ് നാലിന് പ്രാർഥന, കഷ്ടാനുഭവധ്യാന പ്രസംഗം.