കുട്ടികളെ കൊണ്ടുവന്നോളൂ... കുട്ടിക്കഥകൾ നിറഞ്ഞ ഈ വീട്ടിലേക്ക്
1543184
Thursday, April 17, 2025 1:40 AM IST
തൃശൂർ: ഈ അവധിക്കാലത്തു കുട്ടികളെയുംകൊണ്ട് തൃശൂർ വെളിയന്നൂരിലേക്കു വരിക. അവിടെ കുട്ടിക്കഥകളും കുട്ടിക്കവിതകളുമൊക്കെ നിറഞ്ഞ ഒരു കൊച്ചുവീടുണ്ട്. ഈ അവധിക്കാലം കുട്ടികൾ സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറിയുടെ തൃശൂരിലെ ലൈബ്രറിക്കൊപ്പം ആഘോഷിക്കട്ടെ.
നാടെങ്ങും ലഹരിവിരുദ്ധപോരാട്ടം നടക്കുന്പോൾ കുട്ടികളെ വായനയുടെ ലഹരിയിലേക്കു ചേർത്തുവയ്ക്കാൻ ലൈബ്രറിയിലെ അസംഖ്യം പുസ്തകങ്ങൾ ധാരാളം. കഥ.
നോവൽ, കവിതാ പുസ്തകങ്ങൾക്കുപുറമെ യാത്രാവിവരണം, പ്രസംഗം, മലയാളസാഹിത്യപഠനം, ഇന്ത്യാ ചരിത്രം, കൊച്ചുകുട്ടികളുടെ ഇഷ്ടപുസ്തകങ്ങളായ ജെറോണിം സ്റ്റിൽറ്റർ, നാൻസി ഡ്യൂ, ടോണ് ഗെയിറ്റ്സ് തുടങ്ങി വൈവിധ്യമാർന്ന പുസ്തകശേഖരമാണ് വെളിയന്നൂർ ക്ഷേത്രത്തിന് എതിർവശത്തുള്ള റോഡിൽ സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറിയിലുള്ളത്.
പതിനെട്ടുവയസുവരെയുള്ള വായനാപ്രേമികളെ ലക്ഷ്യമിട്ടാണ് പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ഒരു കുട്ടിക്ക് ഒരുസമയം മൂന്നു പുസ്തകംവരെയെടുക്കാം. രണ്ടാഴ്ച കഴിഞ്ഞാൽ പുസ്തകം തിരച്ചുകൊണ്ടുവരണം.
ലൈബ്രറി മെംബർഷിപ്പിന് ആദ്യം അംഗത്വഫീസായി അന്പതുരൂപയും ഒരു വർഷത്തെ വരിസംഖ്യയായി അന്പതുരൂപയുമടക്കം നൂറുരൂപ അടയ്ക്കണം. പിന്നീട് ഓരോ വർഷവും അന്പതു രൂപവീതം നൽകണം. അംഗത്വ അപേക്ഷയിൽ പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ ഒപ്പും സീലും പതിക്കണം. ലോക്കൽ വായനശാലയിലെ സെക്രട്ടറിയിൽനിന്നുള്ള കത്തായാലും മതി. മാതാപിതാക്കളുടെ തിരിച്ചറിയിൽ കാർഡിന്റെ കോപ്പിയും അപേക്ഷയ്ക്കൊപ്പം നൽകണം.
രാവിലെ ഒന്പതുമുതൽ പന്ത്രണ്ടുവരെയും വൈകീട്ട് മൂന്നുമുതൽ ആറുവരെയുമാണ് ലൈബ്രറിയുടെ പ്രവർത്തനസമയം. ബുധനാഴ്ചകളിൽ ലൈബ്രറി മുടക്കമാണ്.
അവധിക്കാലം തുടങ്ങിയതോടെ കൂടുതൽ കുട്ടികൾ ലൈബ്രറിയിലെത്തുന്നുണ്ട്. അഞ്ഞൂറോളം കുട്ടിയംഗങ്ങൾ ഇവിടെയുണ്ട്. രാവിലെ വന്നു പുസ്തകമെടുത്തു കൊണ്ടുപോയി ഉച്ചയാകുന്പോഴേക്കും വായിച്ച് തിരിച്ചുകൊണ്ടുവരുന്ന മിടുക്കൻമാരും മിടുക്കികളും കൂട്ടത്തിലുണ്ടെന്ന് ലൈബ്രേറിയൻ സീന രവീന്ദ്രൻ പറഞ്ഞു.
വിവിധ മത്സരങ്ങളും ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. വായനമത്സരം, കഥപറയൽ, ചിത്രരചന, ക്വിസ് എന്നിവ അതിൽ ചിലതുമാത്രം. വായിച്ച പുസ്തകത്തെക്കുറിച്ച് കുട്ടികൾ ആസ്വാദനക്കുറിപ്പു തയാറാക്കുന്പോൾ വായനയ്ക്കൊപ്പം എഴുത്തിന്റെ ലോകവും കുട്ടികൾക്കുമുന്നിൽ തുറക്കപ്പെടുന്നു.
അപ്പോൾ മാതാപിതാക്കളേ, ഇനി വൈകേണ്ട... കുട്ടികളെയുംകൊണ്ട് കുട്ടിക്കഥകൾ നിറഞ്ഞ ഈ വീട്ടിലേക്കുവരാൻ...