ലഹരിയെ ബൗണ്ടറി കടത്താൻ കളക്ടറും ഡിഐജിയും കമ്മിഷണറും മൈതാനത്ത്
1543482
Friday, April 18, 2025 12:34 AM IST
തൃശൂർ: ലഹരിയെ ചെറുക്കാം, മൈതാനങ്ങളിലേക്കു മടങ്ങാം എന്ന സന്ദേശംപകർന്ന് ബാറ്റും ബോളും എടുത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയും ക്രിക്കറ്റ് മൈതാനത്ത്.
സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലാണ് ഓൾറൗണ്ട് പ്രകടനവുമായി കളക്ടർ അർജുൻ പാണ്ഡ്യൻ ക്രിക്കറ്റ് പ്രേമികളുടെയും ആരാധകരുടെയും മനംകവർന്നത്. ഓപ്പണിംഗ് ബാറ്ററായി ഇറങ്ങി സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോൾ, ബൗളറായി തിളങ്ങിയ ഡിഐജി ഹരിശങ്കർ വിക്കറ്റും നേടി. ഓഫീസേഴ്സ് ഇലവനുവേണ്ടിയായിരുന്നു മൂവരുടെയും മിന്നുംപ്രകടനം. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ കളക്ടർ ആദ്യമത്സരത്തിൽ കളിയിലെ കേമനുമായി. കളക്ടർ ക്യാപ്റ്റനായ ഓഫീസേഴ്സ് ഇലവനായി സബ് കളക്ടർ അഖിൽ വി. മേനോനും എഎസ്പി ഹാർദിക് മീണയും കളിക്കാനിറങ്ങി.
അരണാട്ടുകര ലൂംഗ്സ് അക്കാദമിയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ബാറ്റുചെയ്ത് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗണ്‍സിലർമാരായ കെ. രാമനാഥൻ, അഡ്വ. അനീസ്, ശ്രീലാൽ ശ്രീധർ, പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, സ്പോർട്സ് കണ്‍വീനർ ബി. സതീഷ് എന്നിവർ പങ്കെടുത്തു. മേയർ എം.കെ. വർഗീസ്, കെഎംപി ബിൽഡേഴ്സ് എംഡി കെ.എം. പരമശ്വരൻ, എക്സൈസ് ഇൻസ്പെക്ടർ കെ.വി. റോയി എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
ഓഫീസേഴ്സ് ഇലവനെ കൂടാതെ എക്സൈസ് ഇലവൻ, കോർപറേഷൻ കൗണ്‍സിലർമാരുടെ ടീമായ ലീഡേഴ്സ് ഇലവൻ, തൃശർ പ്രസ് ക്ലബ് ഇലവൻ എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. എക്സൈസ് ഇലവൻ ജേതാക്കളായി. എക്സൈസ് ഇലവന്റെ പി.വി. വിശാൽ ടൂർണമെന്റിലെ താരമായി.