വടക്കാഞ്ചേരി പുഴ നവീകരണം: ചെളിയും മണ്ണും ലേലംചെയ്യും
1543187
Thursday, April 17, 2025 1:40 AM IST
വടക്കാഞ്ചേരി: പുഴ നവീകരണത്തിന്റെ ഭാഗമായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് ലേല നടപടികൾക്ക് അംഗീകാരമായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. പ്രളയത്തിലും അതിവർഷത്തിലും അടിഞ്ഞുകൂടിയതുൾപ്പെടെ പുഴയിൽ നിന്നെടുക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനാണ് സ്പോട്ട് ലേലം നടത്തുക.
വാഴാനി ജലസേചന പദ്ധതിയുടെ സമഗ്രമായ വികസനത്തിനുള്ള പദ്ധതി സംസ്ഥാന സർ ക്കാരിന്റെ പരിഗണനയിലുണ്ടെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയിട്ടുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട ജലസേചന പദ്ധതിയായ വാഴാനിയുടെ പ്രളയാനന്തര വീണ്ടെടുപ്പിനും സമഗ്രമായ നവീകരണത്തിനുമായി ബൃഹദ് പദ്ധതി നബാർഡ് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായ ത്തോടെ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പദ്ധതി നിർദേശം സമർപ്പിച്ചതായി എംഎൽഎ പറഞ്ഞു. മണ്ണുകൊണ്ട് നിർമിച്ച വാഴാനി ഡാമിൽനിന്ന് ആരംഭിച്ച് വടക്കാഞ്ചേരി, കുന്നംകുളം, മണലൂർ നിയോജകമണ്ഡലങ്ങളിലായി 4313 ഹെക്ടറിൽ ജലസേചനത്തിനായി 1959-ൽ പൂർത്തീകരിച്ചതാണ് വാഴാനി ജലസേചന പദ്ധതി.
65 വർഷം മുൻപ് പൂർത്തീകരിച്ച ഈ പദ്ധതിയെ ആശ്രയിച്ചാണ് ജില്ലയിലെ വലിയ പങ്ക് ജനങ്ങൾ കാർഷിക, കുടിവെള്ള ആവശ്യം നിറവേറ്റുന്നത്. വിവിധ ചിറകളുടെ നവീകരണവും നിയമസഭയിൽ എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.