ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു യുവാക്കൾക്കു പരിക്ക്
1543465
Friday, April 18, 2025 12:34 AM IST
എരുമപ്പെട്ടി: കോട്ടപ്പുറത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് മൂന്നുപേർക്കു പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ കാവിൽ കിഴക്കേതിൽ സുജിത്ത് (32), കാവിൽ കീഴക്കേതിൽ അഖിൽകുമാർ(33), കുമരൻതറയിൽ ടൈസൻ (33) എന്നിവർക്കാണു പരിക്കേറ്റത്.
ഡ്രൈവർ ഷെറിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിക്കടിയിൽ കാൽ കുടുങ്ങിക്കിടന്ന സുജിത്തിനെ പോലീസും ഫയർഫോഴ്സും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണു രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിന്റെ കാലുകൾക്കു സാരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
മങ്ങാട് - അത്താണി മെഡിക്കൽ കോളജ് റോഡിൽ കോട്ടപ്പുറം ആറ്റത്ര വളവിലാണു ലോറി മറിഞ്ഞത്. കോട്ടയത്തുനിന്ന് ചാലിശേരിയിലേക്കു ഗാനമേള ടീമിനു സൗണ്ട് സിസ്റ്റവുമായി പോകുകയായിരുന്നു ലോറി. കോട്ടപ്പുറം വളവിൽ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റും വീട്ടുമതിലും ഗെയ്റ്റും ഇടിച്ചുതകർത്ത് മറിയുകയായിരുന്നു. ആളൂർ സോഫിയ വിൻസെന്റിന്റെ വീട്ടുമതിലാണു തകർന്നത്. എരുമപ്പെട്ടി, വടക്കാഞ്ചേരി, മെഡിക്കൽ കോളജ് സ്റ്റേഷനുകളിൽനിന്ന് പോലീസും വടക്കാഞ്ചേരിയിൽനിന്ന് ഫയർഫോഴ്സും കെഎസ്ഇബി ജീവനക്കാരുമെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.