നേതാജി ഗ്രൗണ്ടിൽ ഇനിയും പന്തുരുളും, മണ്ണിലല്ല... പുല്ലിൽ
1543483
Friday, April 18, 2025 12:34 AM IST
സി.ജി. ജിജാസൽ
തൃശൂർ: വീശിയടിക്കുന്ന കാറ്റിൽ പാറിപ്പറക്കുന്ന പൊടിയോ, മഴയിൽ പടരുന്ന ചെളിയോ ഇനി താരങ്ങളെ വലയ്ക്കില്ല. കാലിടറിവീണാൽ ചോര പൊടിയുകയുമില്ല. നേതാജി ഗ്രൗണ്ടിൽ ഇനിയും പന്തുരുളും, മണ്ണിലല്ല... പുല്ലിൽ. കോർപറേഷന്റെ ആദ്യ ടർഫ് ഗ്രൗണ്ട് എന്ന പേര് അരണാട്ടുകര നേതാജി ഗ്രൗണ്ടിനു സ്വന്തമാകുന്നു.
തൃശൂരിന്റെ കളിയാരവങ്ങൾ ഉയരാറുള്ള നേതാജി ഗ്രൗണ്ടിലാണ് നിലവിലെ കളിസ്ഥലത്തെ ബാധിക്കാത്തവിധം ന്യൂജെൻ കളിയിടം പൂർത്തീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഉപയോഗശൂന്യമായി കിടന്നിരുന്ന ഭാഗത്തെ പുല്ലും കാടും വെട്ടിനീക്കിയാണ് കായികസ്വപ്നങ്ങൾക്കു കരുത്തേകാൻ 47,25,632 രൂപ ചെലവഴിച്ച് കോർപറേഷൻ ടർഫ് ഗ്രൗണ്ട് ഒരുക്കിയത്.
36 x 24 മീറ്റർ വലിപ്പത്തിൽ ഒരുക്കിയിരിക്കുന്ന ടർഫിൽ സെവൻസിനും ഫൈവ്സിനും കളിക്കാനിറങ്ങാം. ഒൻപതു മീറ്ററോളം ഉയരമുള്ള ടർഫിൽ 40 എംഎം, 20 എംഎം, 12 എംഎം, ആറ് എംഎം ബ്രോക്കണ്‍ സ്റ്റോണ്‍, മണൽ എന്നിവ പലതട്ടുകളായി വിരിച്ച് അതിനുമുകളിൽ ഫിഫ പ്രൊ സിന്തറ്റിക് ഗ്രാസ് വിരിച്ചാണ് ടർഫ് സജ്ജമാക്കിയത്. ടർഫിനകത്തു പൈപ്പുകളും പുറത്തു ഡ്രെയിനും ഒരുക്കിയതിനാൽ മഴപെയ്താലും ടർഫിൽ പന്തുതട്ടാമെന്ന പ്രത്യേകതയുണ്ട്.
നേതാജി ഗ്രൗണ്ടിൽ ഫ്ലഡ്ലൈറ്റ് ഉണ്ടെങ്കിലും ടർഫിനായും പുതിയ ചെറിയ ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കും. ടർഫിനുചുറ്റും ഇന്റർലോക്ക് കട്ടകൾ വിരിക്കാനും താരങ്ങൾക്കു ശുചിമുറിയോടുകൂടിയുള്ള ഡ്രസിംഗ് റൂമും കാന്റീൻ സൗകര്യവും ഒരുക്കാനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അനുമതിയും ലഭ്യമായിട്ടുണ്ട്. ഇവയ്ക്കെല്ലാംപുറമെ ക്രിക്കറ്റ് നെറ്റ് പരിശീലനത്തിനും ബാഡ്മിന്റണ്‍ പരിശീലനത്തിനുമുള്ള സംവിധാനങ്ങളും ഒരുക്കാൻ പദ്ധതിയുള്ളതായി ഡിവിഷൻ കൗണ്‍സിലർ അനൂപ് ഡേവിസ് കാട പറഞ്ഞു. കൂർക്കഞ്ചേരി, എൽത്തുരുത്ത് എന്നിവിടങ്ങളിലും പുതിയ ടർഫുകൾ നിർമിക്കും.
ടർഫിന്റെ ഉപയോഗത്തിന് ആദ്യഘട്ടത്തിൽ മണിക്കൂറിനു 100 മുതൽ 200 രൂപവരെ ഈടാക്കാനാണ് ആലോചന. സൗജന്യമായി നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ടർഫിന്റെ പരിപാലനത്തിനും ടർഫിനോടുള്ള മതിപ്പും നഷ്ടപ്പെടുത്താതിരിക്കാനാണ് ഫീസ് ഈടാക്കുന്നതെന്നും അടുത്ത മാസംതന്നെ ഇതു തുറന്നുനൽകുമെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.