തൃശൂർ പൂരം ഭംഗിയായി നടത്തേണ്ടതു സർക്കാരിന്റെ കടമ: തിരുവന്പാടി ദേവസ്വം
1543178
Thursday, April 17, 2025 1:40 AM IST
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഭംഗിയായി നടത്തേണ്ടതു സർക്കാരിന്റെ ചുമതലയാണെന്നു തിരുവന്പാടി ദേവസ്വം. പൂരത്തിന്റെ വിജയകരമായ നടത്തിപ്പിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വെടിക്കെട്ടും പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന വിവാദങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടാകാതിരിക്കാൻ ആഘോഷങ്ങൾക്കു പ്രത്യേക ചട്ടക്കൂട് ഒരുക്കേണ്ടതുണ്ട്. നിലവിൽ വെടിക്കെട്ട് നടത്താമെന്നു നിയമോപദേശം ലഭിച്ചതു സന്തോഷം പകരുന്ന കാര്യമാണ്. പൊതുവെ പെസോ നിയമങ്ങളാണ് വെടിക്കെട്ട് തടസപ്പെടുത്തുന്നത് എന്നുപറയുന്നതിൽ അർഥമില്ല. അവരല്ല നിയമങ്ങൾ പറയുന്നത്. കേന്ദ്ര സർക്കാരാണ് അവ കൊണ്ടുവരുന്നത്. സുരക്ഷിതമായ വെടിക്കെട്ട് നടത്താനുള്ള കാര്യങ്ങൾക്കാണ് പെസോ ശ്രമിക്കുന്നത്.
നിലവിൽ പതിവുവർഷങ്ങളെപ്പോലെ വെടിക്കെട്ട് നടത്താൻ കഴിയുമെന്നു കരുതുന്നു. വെടിക്കെട്ടിനു മുൻപുമാത്രം വെടിക്കോപ്പുകൾ കൊണ്ടുവരുന്നതിനാൽ അവ സൂക്ഷിക്കേണ്ട മാഗസിന്റെ പ്രാധാന്യമില്ലെന്നു കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ വെടിക്കെട്ടിനു ഡിസ്പ്ലേ ലൈസൻസ് ഇല്ലാതിരിക്കെ സംസ്ഥാനത്ത് അതും നടപ്പാക്കുന്നുണ്ട്. എല്ലാവിധ നിയമങ്ങളും പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നത്. അതിനാൽതന്നെ ഇത്തവണ ആശങ്കകൾ ഇല്ലാതെ വെടിക്കെട്ട് നടത്താമെന്നുള്ള ഉറപ്പ് മുഖ്യമന്ത്രി അടക്കമുള്ളവർ നൽകിയിട്ടുണ്ടെന്നും സെക്രട്ടറി കെ. ഗിരീഷ് കുമാറും ജോയിന്റ് സെക്രട്ടറി പി. ശശിധരനും അറിയിച്ചു.
ഫയർലൈൻ
ഉള്ളിലേക്കു നീക്കാൻ
സാധ്യത,
റൗണ്ടിൽനിന്ന്
വെടിക്കെട്ട് കാണാം
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ആളുകൾക്കു സ്വരാജ് റൗണ്ടിൽ നിന്ന് കാണുന്നതിനു ഫയർലൈൻ ഇപ്പോഴത്തേതിനെക്കാൾ ഉള്ളിലേക്കുനീക്കുന്ന കാര്യം ആലോചനയിൽ. പാറമേക്കാവ് ദേവസ്വം ഇതുസംബന്ധിച്ചു സൂചന നൽകി. മാഗസിൻ വെടിക്കോപ്പുകൾ ഒന്നുംവയ്ക്കാതെ കാലിയാക്കിയിടുന്നതിനാൽ വെടിക്കെട്ട് നടത്തുന്നത് കുറച്ചുകൂടി ഉള്ളിലേക്കുനീക്കിയാൽ ആളുകൾക്കു നിയമതടസമില്ലാതെ റൗണ്ടിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാൻ സാധിക്കുമോ എന്ന കാര്യമാണ് ചർച്ചചെയ്യുന്നത്.