പാവറട്ടി തീർഥകേന്ദ്രത്തിൽ ബുധനാഴ്ച ആചരണം പൂർത്തിയായി
1543189
Thursday, April 17, 2025 1:40 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിൽ വലിയനോമ്പിലെ ബുധനാഴ്ച ആചരണം പൂർത്തിയായി. വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ തിരുനാളിന് ഒരുക്കമായിട്ടാണ് അമ്പതുനോമ്പിലെ ഏഴ് ബുധനാഴ്ചകളിൽ തിരുനാൾ ആഘോഷിക്കുന്നത്.
നേർച്ച ഊട്ടിന്റെ വെഞ്ചരിപ്പുകർമം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി നിർവഹിച്ചു. പാട്ടുകുർബാനയ്ക്ക് ഫാ. തോമസ് ഊക്കൻ മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ ദിവ്യബലിയെതുടർന്ന് പാരീഷ് ഹാളിൽ നടന്ന സൗജന്യ നേർച്ച ഊട്ടിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേർന്നു. തീർഥകേന്ദ്രം അൾത്താരയിൽ നടന്ന കുട്ടികൾക്കുള്ള ആദ്യ ചോറൂണിനും പ്രത്യേക പ്രാർഥനകൾക്കും നിരവധിപേർ എത്തി. ബുധനാഴ്ച ആചരണത്തിന്റെ ഭാഗമായി വിശുദ്ധനു ലില്ലിപ്പൂസമർപ്പണം, അടിമ ഇരുത്തൽ എന്നിവ നടന്നു.
സഹവികാരിമാരായ ഫാ. ഗോഡ്വിൻ കിഴക്കൂടൻ, ഫാ. ലിവിൻ കുരുതുകുളങ്ങര എന്നിവർ തിരുക്കർമങ്ങൾക്ക് സഹകാർമികരായി. ട്രസ്റ്റിമാരായ ഒ.ജെ. ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ.ജെ.വിൻസെന്റ്, വിത്സൻ നീലങ്കാവിൽ, ഊട്ട്കമ്മിറ്റി കൺവീനർ ഡേവിസ് തെക്കേക്കര, ഭാരവാഹികളായ സേവിയർ അറയ്ക്കൽ, സി.വി. സേവിയർ, റാഫി നീലങ്കാവിൽ, എൻ.ജെ. ലിയോ, സുബിരാജ് തോമസ്, ഇ.ജെ.ടി. ദാസ്, കെ.ഒ. ബാബു, ഒ.എം. ഫ്രാൻസിസ്, വി.എൽ. ഷാജു, ഒ.ജെ. ജസ്റ്റിൻ തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.