ചാലക്കുടി നഗരസഭയ്ക്ക് പുതിയ മാസ്റ്റർപ്ലാൻ തയാറാക്കുന്നു
1543190
Thursday, April 17, 2025 1:40 AM IST
ചാലക്കുടി: നഗരസഭയ്ക്ക് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. അമൃത് 2.0 പദ്ധതിയുടെ ഭാഗമായാണ് മാസ്റ്റർപ്ലാൻ തയാറാക്കുന്നത്. ആദ്യഘട്ടം ഡ്രോൺ സർവേ ആരംഭിച്ചു.
കേന്ദ്ര സർക്കാരിനുവേണ്ടി സർവേ ഓഫ് ഇന്ത്യയ്ക്കാണ് മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായ ഡ്രോൺ സർവേയുടെ ചുമതല. ഇവർക്കുവേണ്ടി സബ്ട്രിഷി എന്ന സ്ഥാപനമാണ് ഡ്രോൺ സർവേ നടത്തുന്നത്.
രാജ്യത്തെ അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള പട്ടണങ്ങളെയാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ തയാറാക്കാൻ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിട്ടുള്ളത്. 75 ലക്ഷം രൂപ ചാലക്കുടി നഗരസഭയുടെ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.
ഡ്രോൺ സർവേക്കുശേഷം ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗമാണ് മാസ്റ്റർപ്ലാൻ തയാറാക്കുക. വിവിധ നടപടിക്രമങ്ങൾക്ക് ശേഷം അന്തിമ മാസ്റ്റർപ്ലാൻ സർക്കാർ അംഗീകരിച്ച് വിജ്ഞാപനം ചെയ്യുമ്പോൾ, നഗരസഭയുടെ നിലവിലുള്ള മാസ്റ്റർപ്ലാൻ ഇല്ലാതാകും.
നഗരസഭയ്ക്ക് ആദ്യമായ് സമ്പൂർണ മാസ്റ്റർപ്ലാൻ തയാറാക്കി വിജ്ഞാപനം ചെയ്തത് 2022ലാണ്. 2012 ലാണ് ഈ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റർ പ്ലാനിലെ പല ഡാറ്റകളും 10 വർഷം മുൻപത്തെയാണ്.
പുതിയ മാസ്റ്റർ പ്ലാൻ തയാറാകുമ്പോൾ നിലവിലുള്ള ഇപ്പോഴത്തെ ഡാറ്റകളെല്ലാം ഉൾപ്പെടുത്തി പുതുക്കാൻ സാധിക്കും.
ഇപ്പോഴത്തെ മാസ്റ്റർപ്ലാനിലെ വിട്ടുപോയ നിർദേശങ്ങൾ ഉൾപ്പെടുത്താനും സാധിക്കും. നിലവിലെ റോഡ്, തോട്, വീടുകൾ, മറ്റ് കെട്ടിടങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന ജിയോ ഡാറ്റാ ബേയ്സ് നഗരസഭക്ക് ലഭിക്കും.നഗരസഭ വികസന പ്രവർത്തനങ്ങൾക്കും ഇതിന്റെ ഭാഗമായി പദ്ധതികൾ തയാറാക്കുന്നതിനും ഇത് ഉപകരിക്കും. മാസ്റ്റർപ്ലാൻ തയാറാക്കുന്നതുമായ് ബന്ധപ്പെട്ട ഡ്രോൺ സർവേയുടെ ഉദ്്ഘാടനം ചെയർമാൻ ഷിബു വാലപ്പൻ നിർവഹിച്ചു.
വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, പ്രീതി ബാബു, ദിപു ദിനേശ്, എം.എം. അനികുമാർ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, വാർഡ് കൗൺസിലർ റോസി ലാസർ, സെക്രട്ടറി കെ. പ്രമോദ്, സൂപ്രണ്ട് ദിലേഷ് പൊന്നമ്പി എന്നിവർ പ്രസംഗിച്ചു.