നെട്ടിശേരി പൂരം മുടങ്ങിയ സംഭവം: ദേവസ്വം ബോർഡ് വിശ്വാസികളെ വഞ്ചിച്ചുവെന്ന് ഉത്സവക്കമ്മിറ്റി
1542843
Wednesday, April 16, 2025 1:27 AM IST
തൃശൂർ: നെട്ടിശേരി ധർമശാസ്താക്ഷേത്രത്തിൽ പൂരം മുടങ്ങിയ സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനെതിരേ പ്രതിഷേധം തുടരുന്നു. ആനകളെ കൃത്യമായി എത്തിച്ചുനൽകാത്ത ദേവസ്വം ബോർഡ് വിശ്വാസികളെ വഞ്ചിച്ചുവെന്നും ഉത്സവാഘോഷ കമ്മിറ്റി. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ദേവസ്വം ബോർഡിനു മുൻപിലേക്കു വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ്.
കഴിഞ്ഞ 11 നാണ് ക്ഷേത്രത്തിലെ പൂരാഘോഷം നടന്നത്. ആവശ്യമുള്ള ആനകളെ നൽകാതെ ദേവസ്വം ആഘോഷങ്ങൾ മുടക്കി എന്നാരോപിച്ച് വിശ്വാസികൾ കുത്തിയിരിപ്പുസമരം നടത്തിയിട്ടും, പ്രശ്നം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ആവശ്യമായ ആനകളെ നൽകിയെന്ന ദേവസ്വം ബോർഡിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികൾ പറഞ്ഞു.
പകൽപ്പൂരം മുടങ്ങിയതിനുപിന്നാലെ രാത്രിയിൽ നടക്കേണ്ടിയിരുന്ന തറയ്ക്കൽ പൂരവും മുടങ്ങിയിരുന്നു. തുടർന്നു രണ്ടു എഴുന്നള്ളിപ്പുകളും ചടങ്ങുകളായി നടത്തേണ്ടിവന്നു. പ്രതിഷേധം ശക്തമായതോടെ രാത്രി വൈകിയാണ് അസിസ്റ്റന്റ് കമ്മീഷണർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും എത്തിയത്.
പത്രമ്മേളനത്തിൽ ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, ഇ. സരീഷ്, യു. മോഹൻദാസ്, സി.എസ്. രഘുനന്ദനൻ, ടി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.